ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച കുഴല്‍പ്പണം ഉന്നത നേതാക്കളുടെ അറിവോടെ തട്ടിയെന്ന് റിപോർട്ട്
ഏപ്രില്‍ രണ്ടിന് മംഗളൂരു വഴി 12 കോടി രൂപയാണ് കേരളത്തിലെത്തിയത്. ഇതില്‍ വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ നല്‍കി. മൂന്നാം തീയതി ബാക്കി 10 കോടി രൂപയുമായാണ് കാര്‍ എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചത്.
തൃശൂർ: ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊണ്ടുവന്ന കോടി കണക്കിന് രൂപ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തില്‍ വഴിതിരിവ്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് മോഷണം പോയത് മൂന്നര കോടി രൂപയല്ല, 10 കോടി രൂപയോളമാണെന്നാണ് റിപോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം കൊണ്ടുവന്നതെന്ന് കൈരളി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ രണ്ടിന് മംഗളൂരു വഴി 12 കോടി രൂപയാണ് കേരളത്തിലെത്തിയത്. ഇതില്‍ വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ നല്‍കി. മൂന്നാം തീയതി ബാക്കി 10 കോടി രൂപയുമായാണ് കാര്‍ എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചത്. എന്നാല്‍ തൃശൂര്‍ പിന്നിട്ടതോടെ ഈ വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നു. കൊടകര മേല്‍പ്പാലം പിന്നിട്ടതോടെ പിന്നാലെയെത്തിയ വാഹനം മുമ്പില്‍ പണവുമായി പോയ വാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ പണമടങ്ങിയ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ കോണ്‍ട്രാക്ടര്‍ ധര്‍മരാജന്‍ കൊടകര പോലിസില്‍ പരാതി നല്‍കി. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പോലിസ് അന്വേഷണത്തില്‍ കാര്‍ പൊളിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ 25 ലക്ഷമല്ല കാറിലുണ്ടായിരുന്നതെന്നും മൂന്നര കോടിയാണെന്നുമായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖന്റെ അടുപ്പക്കാരനാണ് ധര്‍മ്മരാജന്‍ എന്നും റിപോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികളിലൊരാളുടെ നിര്‍ദേശ പ്രകാരം ഗുണ്ടാ സംഘമാണ് ഈ പണം തട്ടിയെടുത്തതെന്നും കൈരളി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഇങ്ങനെയൊരു വാര്‍ത്ത വായിച്ചിരുന്നെന്നും എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് റോള്‍ ഒന്നും ഇല്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. എനിക്ക് അറിയില്ല. ദേശീയപാര്‍ട്ടിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന വാര്‍ത്ത വായിച്ചിരുന്നു. അത് ഏത് ദേശീയപാര്‍ട്ടിയാണെന്ന് നിങ്ങള്‍ പറ. ബിജെപിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
