നിമിഷപ്രിയയുടെ മോചനം; യെമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രം

കീഴ്കോടതിയിൽ കേസ് നടത്തുന്ന സമയത്ത് വേണ്ട നിയമസഹായം ലഭിക്കാത്തതിനാലും ഭാഷാപരിജ്ഞാന കുറവും കാരണമാണ് നിമിഷയ്ക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Update: 2022-05-05 14:06 GMT

ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിയമപരമായ നടപടികൾ മാത്രമല്ല ആചാരവും പാരമ്പര്യവും അനുസരിച്ച് മാപ്പ് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി അയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി അറിയിച്ചത്.

അതേസമയം യെമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണുന്നതിന് യെമനിലേക്ക് പോകാന്‍ നിമിഷയുടെ അമ്മയും എട്ടു വയസ് പ്രായമുള്ള മകളും അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. സേവ് നിമിഷ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും ഇവര്‍ക്കൊപ്പം പോകാന്‍ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണുമെന്നും മാപ്പ് അപേക്ഷിക്കുമെന്നും അമ്മ പറഞ്ഞു.

കീഴ്കോടതിയിൽ കേസ് നടത്തുന്ന സമയത്ത് വേണ്ട നിയമസഹായം ലഭിക്കാത്തതിനാലും ഭാഷാപരിജ്ഞാന കുറവും കാരണമാണ് നിമിഷയ്ക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബ്ലഡ്മണി കൈമാറാന്‍ സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണെന്നും യെമന്‍ പൗരന്‍റെ കുടുംബാംഗങ്ങളുമായി ആക്ഷൻ കൗൺസിലിന് ബന്ധപ്പെടാനുള്ള അവസരമൊരുക്കണമെന്നും ജോണ്‍ ബ്രിട്ടാസ് നിവേദനത്തിലാവശ്യപ്പെട്ടിരുന്നു.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ കഴിയാതെ യെമൻ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.

യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.