മള്‍ഡോവ: കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മള്‍ഡോവയുടെ റഷ്യന്‍ അനുകൂല പ്രധാനമന്ത്രി അയോണ്‍ ചിഷു രാജിവച്ചു. മള്‍ഡോവയുടെ 14ാമത് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 2019 നവംബറിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. റഷ്യന്‍ അനുകൂലിയായ മുന്‍ പ്രസിഡന്റ് ഇഗോര്‍ ഡോഡോണിന്റെ അടുത്ത സുഹൃത്തായ ചിഷു പ്രസിഡന്റ് സ്ഥാനം മാറിയതോടെയാണ് രാജി പ്രഖ്യാപിച്ചത്. 101 അംഗ സഭയില്‍ 51 പേരുടെ അംഗബലത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നത്.
രാജ്യത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാശ്ചാത്യ അനുകൂല പ്രസിഡന്റ് മിയ സാന്‍ഡു അധികാരമേല്‍ക്കുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം രാജി നല്‍കിയത്. പുതിയ പ്രസിഡന്റിന്റെ കീഴില്‍ അട്ടിമറി സാധ്യത മുന്നില്‍ കണ്ടാണ് രാജി. യൂറോപ്യന്‍ യൂനിയനുമായുള്ള അടുത്ത സഹകരണത്തിലേക്ക് മള്‍ഡോവ ചായുന്നുവെന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര സമൂഹം സാന്‍ഡുവിന്റെ വിജയത്തെ കാണുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ചിഷു സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാല്‍, പൊതു സമ്മര്‍ദത്തിന് വഴങ്ങിയതിനാല്‍ ചിക്കു രാജിവെക്കുന്നില്ലെന്നാണ് പുറത്തുവന്നിരുന്നത്.യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മോള്‍ഡോവ. ഏകദേശം 1.2 ദശലക്ഷം ആളുകള്‍ വിദേശത്ത് താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. 2014 ല്‍ യൂറോപ്യന്‍ അനുകൂല സഖ്യം നടത്തുമ്പോള്‍ മോള്‍ഡോവ യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപാടിന് ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നു.
