ഒമാന്‍ സന്ദര്‍ശനത്തിന് ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ മടങ്ങി

ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങള്‍, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഏകീകരിക്കുന്നതിനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്തു

Update: 2021-12-07 19:28 GMT

മസ്‌ക്കത്ത്: രണ്ട് ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിന് ശേഷം സൗദി കിരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മടങ്ങി. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധമേഖലയിലുള്ള സഹകരണങ്ങളും ഊഷ്മള ബന്ധങ്ങളും വിപുലപ്പെടുത്തിയാണ് രാജകുമാരന്‍ മടങ്ങിയത്. മുഹമ്മദ് ബിന്‍ സല്‍മാന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഒമാന്‍ സിവില്‍ ഓര്‍ഡര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സമ്മാനിച്ചു. ഇതിന് ശേഷം നടന്ന കുടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പൊതു വിശയങ്ങള്‍, ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങള്‍, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഏകീകരിക്കുന്നതിനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്തു. ടൂറിസം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഒമാനും സൗദിയും യോജിച്ച് പോകാന്‍ ധാരണയായി. സന്ദര്‍ശനത്തിന് മുന്നോടിയായി ഒമാനിലെയും സൗദിയിലെയും കമ്പനികള്‍ തമ്മില്‍ നേരത്തെ 13 നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സൗദി കിരീടവകാശി ഒമാനില്‍ എത്തിയത്. കഴിഞ്ഞ 50 വര്‍ഷമായി ഒമാനും സൗദിയും നിരവധി മേഖലകളില്‍ ബന്ധം കെട്ടിപ്പടുത്തിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകള്‍, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍, വ്യവസായം, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം, പെട്രോകെമിക്കല്‍ പരിവര്‍ത്തന വ്യവസായങ്ങള്‍, ലോജിസ്റ്റിക് പങ്കാളിത്തം, വിവര സാങ്കേതികവിദ്യ തുടങ്ങിയവയില്‍ സംയുക്ത നിക്ഷേപത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞ ജൂലൈയില്‍ തന്നെ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, സുരക്ഷ രംഗങ്ങളില്‍ ഉഭയകക്ഷി ഇടപെടല്‍ ശക്തമാക്കിയിരുന്നു. സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നു. സൗദി കിരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും റോഡ് തുറന്നതായി പ്രഖ്യാപനം നടത്തിയത്.


ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാ സമയം 16 മണിക്കൂര്‍ കുറയുമെന്നാണ് കരുതുന്നത്. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. പുതിയ റോഡ് വന്നതോടെ വ്യാപാര ചരക്കു നീക്കം വര്‍ധിക്കും. ഇബ്രിയിലെ തനാമില്‍ നിന്നാണ് ഒമാനിലെ പ്രസ്തുത റോഡ് ആരംഭിക്കുന്നത്. ഒമാന്‍ സാമ്പത്തിക രംഗത്ത് സൗദിയുമായുള്ള സഹകരണം കുതിപ്പാകും.

Tags:    

Similar News