സിഐക്കെതിരേ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ്; വ്യവസായ മന്ത്രി വീട് സന്ദര്‍ശിച്ചു

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ്

Update: 2021-11-26 04:29 GMT

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സിഐ സുധീറിനെതിരേ നടപടി ഉണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോഫിയയുടെ മാതാവും മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സര്‍ക്കാര്‍ നീതി ഉറപ്പാക്കും. സിഐ സുധീറിനെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായതിനു ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം. ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി വി രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ടംഗമാണ് അന്വേഷണ സംഘത്തിലുള്ളത്.

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മോഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അന്വേഷണവും കേസിലുണ്ടാവും. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ നേരിട്ട് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വ്വീണ്‍ നേരിട്ടത് കൊടിയ പീഢനങ്ങളാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ആലുവ പോലിസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലിസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

Tags:    

Similar News