'തീവ്രവാദ മുദ്ര കുത്തി വായടപ്പിക്കാമെന്ന് കേരള പോലിസ് വ്യാമോഹിക്കേണ്ട'; പ്രവര്‍ത്തകരെ തീവ്രവാദികളാക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍

Update: 2021-12-11 07:57 GMT

കൊച്ചി: മൊഫിയ പര്‍വീണിന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന പോലിസ് റിമാന്‍ഡ് റിപോര്‍ട്ടിനെതിരേ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് പോലിസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നത്. 'തീവ്രവാദ മുദ്ര കുത്തി വായടപ്പിക്കാമെന്ന് കേരള പോലിസ് വ്യാമോഹിക്കേണ്ട' എന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. ഈ റിപോര്‍ട്ട് പോലിസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോവും.

ഭരണകൂട വീഴ്ചകളെ ചോദ്യം ചെയ്യുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നവര്‍ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓര്‍ക്കേണ്ട കാര്യം സ്റ്റേറ്റും രാജ്യവുമെന്ന് പറയുന്നത് ഭരണാധികാരികളല്ല. ജനതയാണ് രാജ്യം. ഈ റിമാന്‍ഡ് റിപോര്‍ട്ട് എഴുതിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. ഇനിയും സമരം ചെയ്യേണ്ടിവന്നാല്‍ ചെയ്യുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. യോഗി പോലിസ് കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപോര്‍ട്ട് അല്ല. പിണറായി പോലിസ് കൊടുത്തതാണ്. മൊഫിയ പര്‍വീണിന് നീതി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് സംശയമുള്ളതുകൊണ്ട് ജാമ്യം കൊടുക്കരുതെന്ന്. പിണറായി യോഗിക്കും ഷായ്ക്കും പഠിക്കരുതെന്ന് നമ്മള്‍ പറയാറുണ്ട്.

ഇനി കൂടുതലൊന്നും പഠിക്കാനുണ്ടെന്ന് കരുതുന്നില്ല. മൊഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരില്‍ ഒരാളായ പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ, ബെന്നി ബെഹനാന്‍ എംപി, ടി ജെ വിനോദ്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, മുഹമ്മദ് ഷിയാസ് തുടങ്ങി വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാന്‍ പോലിസ് ശ്രമിക്കുന്നതെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു. നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പോലിസ് നയം കേരളത്തിന് അപമാനമാണെന്ന് അന്‍വര്‍ സാദത്ത് കുറ്റപ്പെടുത്തി.

വിദ്യാര്‍ഥി നേതാവ് അല്‍ .അമീന്‍ അഷ്‌റഫ്, നേതാക്കളായ നെജീബ്, അനസ് എന്നിവര്‍ മൊഫിയാ പര്‍വീനും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവര്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവരല്ല. പൊതുപ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസുകാരാണ്. പക്ഷെ, പോലിസ് ഇവരില്‍ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പോലിസ് യോഗി പോലിസിന് പഠിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപോര്‍ട്ടില്‍ അവരെ തീവ്രവാദികളാക്കി മാറ്റിയ പോലിസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. റൂറല്‍ എസ്പി കാര്‍ത്തിക്കിനെ റിപോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പോലിസ് നടപടികള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: