മോദിക്ക് ചരിത്രം മനസ്സിലാകില്ല; ശ്രദ്ധ തിരിച്ച് വിടുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി: രാഹുൽ ഗാന്ധി
ഞാൻ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നൊക്കെ അയാൾക്ക് പറയാൻ കഴിയില്ല, അതിനാൽ അയാൾക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്.
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവക്കാരെ തൊഴിൽ, പരിസ്ഥിതി പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗോവയിൽ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഈ ആഴ്ച ആദ്യം പാർലമെന്റിലും വ്യാഴാഴ്ച മപുസയിലെ ഒരു രാഷ്ട്രീയ റാലിയിലും മോദി നടത്തിയ ചില പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ചെങ്കോട്ടയിൽ നിന്ന് പ്രഖ്യാപിച്ചു, ഇന്ന് നിങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രസംഗം യൂട്യൂബിൽ കേൾക്കാം. ഗോവയുടെ മോചനത്തിനായി പോരാടുന്നവരെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന് അദ്ദേഹം ചെങ്കോട്ടയിൽ നിന്ന് പറഞ്ഞു. അതായത് നിങ്ങൾക്കറിയാം, നിങ്ങളുടെ ജോലി അറിയാം, മരിക്കുകയാണെങ്കിൽ അങ്ങനെ, ജീവിക്കുകയാണെങ്കിൽ അങ്ങനെ. അതാണോ വഴി? കോൺഗ്രസ് മുമ്പ് ചിന്തിച്ചത് അങ്ങനെയാണ്, ഇന്നും ഇങ്ങനെയാണ് ചിന്തിക്കുന്നത് എന്നായിരുന്നു മോദിയുടെ പരാമർശം.
മർഗോവിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഗാന്ധി ഇതിന് മറുപടി നൽകിയത്. പ്രധാനമന്ത്രിക്ക് ഇന്ന് നിങ്ങളുടെ അടുത്ത് വന്ന് ഞാൻ നിങ്ങൾക്ക് ജോലി നൽകി, ഞാൻ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നൊക്കെ പറയാൻ കഴിയില്ല. അയാൾക്ക് അത് പറയാൻ കഴിയില്ല, അതിനാൽ അയാൾക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പണി ശ്രദ്ധ തിരിക്കുക എന്നതാണെന്ന് രാഹുൽ പറഞ്ഞു.
നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റുക എന്നതാണ് അദ്ദേഹത്തിന്റെ പണി. ഈ വിഷയത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്, ഈ വിഷയത്തിൽ അക്കാദമിക് വിദഗ്ധർ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അന്നത്തെ ചരിത്രം പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് വിശദമായി മനസ്സിലാകുന്നില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
