ലോക്ക് ഡൗണില്‍ കുടുങ്ങി മൊബൈല്‍ ഉപഭോക്താക്കള്‍

Update: 2020-03-30 14:44 GMT

പയ്യോളി: കൊവിഡ് 19 വൈറസ് ബാധയുടെ വ്യാപനം തടയാനായി രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണില്‍ കുടുങ്ങി മൊബൈല്‍ ഉപഭോക്താക്കള്‍. ലോക്ക് ഡൗണ്‍ കെണിയില്‍ വീടുകളില്‍ കഴിയേണ്ടി വന്നവര്‍ക്ക് ഉറ്റവരുടേയും ഉടയവരുടേയും വിവരങ്ങള്‍ അറിയാന്‍ ഏക ആശ്രയമാണ് മൊബൈല്‍ ഫോണ്‍. ലോക് ഡൗണിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി മൊബൈല്‍ റീ ചാര്‍ജ് കടകള്‍ തുറക്കാതായതോടെ മിക്ക ആളുകളും ഏറെ പ്രയാസപ്പെടുകയാണ്. നെറ്റ് ബാങ്കിങ് ഉപയോഗിച്ചും മറ്റു സ്വകാര്യ ആപ്പുകള്‍ ഉപയോഗിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഇതൊന്നും സാധ്യമാവാത്ത നിലയാണ്.

    നെറ്റ് ബാങ്കിങ് ഉപയോഗിച്ചും സ്വകാര്യ ആപ്പ് ഉപയോഗിച്ചുമുള്ള റീചാര്‍ജിങിന് ബാങ്ക് ബാലന്‍സ് ഇല്ലാത്തതും ഇത്തരം സംവിധാനങ്ങളെ കുറിച്ചുള്ള അജ്ഞതയുമാണ് സാധാരണക്കാരെ ഏറെ കുഴക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് തീര്‍ത്തും വീട്ടില്‍ കഴിയേണ്ടി വന്നവര്‍ അപ്പപ്പോഴുള്ള വിവരങ്ങള്‍ അറിയാനായി ആശ്രയിക്കുന്നത് വാര്‍ത്താചാനലുകളെയാണ്. നേരം പോക്കിനായി മറ്റു എന്റെര്‍ടെയ്‌മെന്റ് ചാനലുകള്‍ കണ്ട് സമയം തള്ളി നീക്കുന്നവരുമുണ്ട്. എന്നാല്‍ ഡിഷ് റീ ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ തുറക്കാത്തതിനാല്‍ ഇവരും പ്രയാസത്തിലാണ്.

    ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ മൊബൈല്‍ റെയ്ഞ്ചിന്റെ കാര്യത്തിലും പരക്കെ പരാതി ഉയരുന്നുണ്ട്. പല ഭാഗങ്ങളിലും നെറ്റ് വര്‍ക്ക് തീരെ കിട്ടാത്ത നിലയാണ്. ഉപഭോക്താക്കള്‍ പരാതികള്‍ പറയാനായി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുമ്പോള്‍ അവിടെടയും കിട്ടാത്ത സ്ഥിതിയാണുള്ളത്. അതേസമയം, മലപ്പുറം ജില്ലയില്‍ മൊബൈല്‍ റീ ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തി കടകള്‍ തുറക്കാനുള്ള അനുമതി ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്. പൊതു ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് മൊബൈല്‍ റീ ചാര്‍ജ്ജ് കേന്ദ്രങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്നാ ആവശ്യം ഉയരുന്നുണ്ട്.




Tags: