കാസർകോട് സംഘപരിവാർ അനുകൂലികളുടെ നേതൃത്വത്തിൽ മധ്യവയസ്കനെ തല്ലിക്കൊന്നു
ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലിനെ തുടർന്നാണ് സംഭവം ആൾക്കൂട്ടാക്രമണത്തിലേക്ക് മാറിയത്.
കാസർകോട്: സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് കാസർകോട് സംഘപരിവാര അനുകൂലികളുടെ നേതൃത്വത്തിൽ മധ്യവയസ്കനെ തല്ലിക്കൊന്നു. കാസർകോട് നഗരത്തിലാണ് സംഭവം നടന്നത്. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. 45 വയസായിരുന്നു.
സ്ത്രീയെ ശല്യം ചെയ്തെന്നാരോപിച്ച് കാസർകോട് മിംസ് ആശുപത്രിക്കകത്താണ് റഫീഖിന് നേരെ ആദ്യം മർദ്ദനമേൽക്കുന്നത്. അവിടെ നിന്ന് പുറത്തേക്കോടിയ മധ്യവയസ്കനെ ആശുപത്രിക്ക് മുൻവശമുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർമാർ അടക്കമുള്ളവരാണെന്ന് നാട്ടുകാർ പറയുന്നു.
ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലിനെ തുടർന്നാണ് സംഭവം ആൾക്കൂട്ടാക്രമണത്തിലേക്ക് മാറിയത്. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. ഈ പ്രദേശവും ഓട്ടോറിക്ഷാ സ്റ്റാൻഡും ആർഎസ്എസിന് സ്വാധീനമുള്ള പ്രദേശമാണ്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പോലിസ് പറഞ്ഞു.
റഫീഖ് ലീഗ് പ്രവർത്തകനാണെന്നാണ് അറിയാൻ കഴിയുന്നത്. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ മൊഴി പോലിസ് രേഖപ്പെടുത്തുകയാണ്.