ഐഎസ് വാര്‍ത്തയില്‍ എം എം അക്ബറിന്റെ ചിത്രം; വിവാദമായപ്പോള്‍ ഖേദപ്രകടനവുമായി 24 ന്യൂസ് ചാനല്‍

Update: 2021-06-12 19:00 GMT

കണ്ണൂര്‍: ഇസ് ലാമിക് സ്റ്റേറ്റു(ഐഎസ്)മായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കു നല്‍കിയ ചിത്രത്തില്‍ ഇസ് ലാമിക പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും മുജാഹിദ് നേതാവുമായ എം എം അക്ബറിന്റെ ചിത്രം നല്‍കിയ മലയാളം വാര്‍ത്താചാനല്‍ 24 ന്യൂസ് വിവാദമായപ്പോള്‍ ഖേദപ്രകടനവുമായി രംഗത്ത്. ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഐഎസില്‍ ചേരുകയും പിന്നീട് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട ശേഷം അഫ്ഗാന്‍ സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങുകയും ചെയ്‌തെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്ന മലയാളി വനിതകളെ സ്വീകരിക്കേണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ച വാര്‍ത്തയ്‌ക്കൊപ്പമാണ് എം എം അക്ബറിന്റെ ചിത്രം നല്‍കിയത്. 'നിമിഷയടക്കം നാല് വനിതകളുടെ ആവശ്യം തള്ളി' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷാ ഫാത്തിമ, റഫീല എന്നിവര്‍ക്കും അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കുമൊപ്പമാണ് യാതൊരു ബന്ധവുമില്ലാത്ത എം എം അക്ബറിന്റെ ചിത്രം നല്‍കിയത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2019 അവസാനം കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ സുരക്ഷ ഏജന്‍സികള്‍ മുമ്പാകെ കീഴടങ്ങിയ ഇവരെ ഇന്ത്യയില്‍ തിരികെ പ്രവേശിപ്പിക്കില്ല എന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇതോടൊപ്പം കേരളത്തില്‍ അറിയപ്പെടുന്ന ഇസ് ലാമിക പ്രഭാഷകനും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവവുമായ എം എം അക്ബറിന്റെ ചിത്രം നല്‍കിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇതോടെ, ഖേദപ്രകടനവുമായി 24 ന്യൂസ് ചാനല്‍ രംഗത്തെത്തുകയായിരുന്നു. ചാനലിന്റെ നടപടിക്കെതിരേ എം എം അക്ബര്‍ തന്നെ രംഗത്തെത്തിയിരുന്നു.

    24 ന്യൂസിന്റെ ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയില്‍ എം എം അക്ബറിന്റെ ചിത്രം തെറ്റായി ഉള്‍പ്പെട്ടതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും സാങ്കേതിക പിഴവ് കാരണം കടന്നുകൂടിയ ചിത്രം ശ്രദ്ധയില്‍പ്പെട്ട ഉടനെ നീക്കം ചെയ്‌തെന്നുമാണ് എഡിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചത്. അക്ബറിന്റെ ചിത്രം ഉള്‍പ്പെട്ടത് മനപൂര്‍വമല്ലാതെ സംഭവിച്ച പിഴവാണ്. ഇതില്‍ എം എം അക്ബറിനുണ്ടായ മാനസിക വിഷമത്തിലും ബുദ്ധിമുട്ടിലും അതിയായ വിഷമമുണ്ടെന്നും അത് രേഖപ്പെടുത്തുന്നുവെന്നുമാണ് എഡിറ്ററുടെ കുറിപ്പിലുള്ളത്. ശ്രീകണ്ഠന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് 24 ന്യൂസ് ചാനലും ഓണ്‍ലൈന്‍ പോര്‍ട്ടലും. നേരത്തേ തബ് ലീഗ് കൊറോണ എന്നു വിശേഷിപ്പിച്ച സംഭവത്തിലും 24 ന്യൂസ് സാങ്കേതികപ്പിഴവെന്ന് പറഞ്ഞ് ക്ഷമാപണം നടത്തിയിരുന്നു. ചാനലിന്റെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം ശക്തമായിട്ടുണ്ട്.

MM Akbar's picture in IS news; 24 News Channel regrets controversy

Tags:    

Similar News