'ഒരു ബാപ്പയ്ക്ക് ജനിച്ചവന്‍, പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ല'; പിഎംഎ സലാമിനെ കടന്നാക്രമിച്ച് എം കെ മുനീര്‍

മുനീര്‍ നിലപാട് മാറ്റിയെന്ന ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമര്‍ശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Update: 2022-09-30 19:03 GMT

കോഴിക്കോട്: പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. 'ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് ഞാന്‍. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ല' മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുനീര്‍ നിലപാട് മാറ്റിയെന്ന ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമര്‍ശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍, പിഎഫ്‌ഐ നിരോധനത്തില്‍ ലീഗില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പിഎംഎ സലാം പറഞ്ഞു. മുനീറിന്റെ മറുപടി മാധ്യമങ്ങളോടായിരുന്നു. മാധ്യമങ്ങളാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. നിരോധനത്തെ സ്വാഗതം ചെയ്തിട്ടില്ലെന്നും പിഎഫ്‌ഐയെ മാത്രം തിരഞ്ഞുപിടിച്ച് നിരോധിച്ചത് ശരിയായില്ലെന്നുമാണ് സലാം പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തുള്ള പ്രസ്താവന മുനീര്‍ പിന്നീട് തിരുത്തിയിട്ടുണ്ടെന്നും സലാം പറഞ്ഞു. നേരത്തേ, മുനീര്‍ അടക്കമുള്ളവര്‍ നിരോധനത്തെ സ്വാഗതം ചെയ്തപ്പോള്‍ എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ ആശയപ്പോരാട്ടമാണ് വേണ്ടതെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെ എം ഷാജിയുടെയും പ്രതികരണം.

Similar News