'ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒരു മുസ് ലിം യുവാവിനെ എത്രകാലം ശിക്ഷിക്കാന്‍ കഴിയും'; സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് എംകെ മുനീര്‍

ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

Update: 2021-04-23 01:38 GMT

കോഴിക്കോട്: യുപി പോലിസ് അന്യായമായി തടവിലിട്ട മലയാളി മാധ്യമ പ്രവര്‍ത്തകനെ ഉടനെ മോചിപ്പിക്കണമെന്ന് മുസ് ലിംലീഗ് നേതാവ് ഡോ. എം കെ മുനീര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

'ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒരു മുസ് ലിം യുവാവിനെ ഭരണകൂടത്തിന് എത്രകാലം ശിക്ഷിക്കാന്‍ കഴിയും. അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കണം'. എം കെ മുനീര്‍ ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത ഏറെ ദുഖത്തോടെയാണ് കേട്ടതെന്നും അദ്ദേഹത്തിന് ഉടന്‍ രോഗം ബേധമാവട്ടേയെന്നും മുനീര്‍ ആശംസിച്ചു.

ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. കൊവിഡ് ബാധയെ തുടര്‍ന്ന് കാപ്പന്‍ മഥുരയിലെ കെവിഎം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. നേരത്തേതന്നെ ഹൃദ്രോഗവും പ്രമേഹ രോഗവും അലട്ടുന്ന കാപ്പന്റെ ആരോഗ്യനില ജയില്‍വാസത്തെ തുടര്‍ന്നു മോശം അവസ്ഥയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പന്റെ ആരോഗ്യാവസ്ഥ കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ഏതാനും ദിവസങ്ങളായി പനി ബാധിതനായിരുന്ന കാപ്പന്‍ ഉയര്‍ന്ന പ്രമേഹവും നോമ്പും മൂലം ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കാപ്പനെ പാര്‍പ്പിച്ചിരുന്ന മഥുര ജയിലില്‍ കഴിഞ്ഞദിവസം അമ്പതോളം പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു.

ആറു മാസത്തിലേറെയായി അന്യായ തടങ്കലില്‍ കഴിയുന്ന കാപ്പനോട് മനുഷ്യത്വരഹിതമായ സമീപനം പുലര്‍ത്തുന്ന ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെയും യുപി പോലിസിന്റെയും കീഴില്‍ അദ്ദേഹത്തിന്റെ മതിയായ ആരോഗ്യ പരിചരണം കിട്ടുമോ എന്ന കാര്യത്തില്‍ അങ്ങേയറ്റം ആശങ്കയും ഉത്കണ്ഠയും ഉണ്ട്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെയും കേരള സര്‍ക്കാരിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഡല്‍ഹിയില്‍ എയിംസ് പോലെ മികച്ച നിലവാരത്തിലുള്ള ആശുപത്രിയിലേക്കു മാറ്റി കാപ്പന് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുന്നതിനും അദ്ദേഹത്തിന്റെ മോചനത്തിനും കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സമര്‍പ്പിച്ച നിവേദനത്തില്‍ യൂനിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അഭ്യര്‍ഥിച്ചു.

Tags:    

Similar News