ഹൈദരലി തങ്ങളുടെ പേരിലെ കൂട്ടായ്മയെ തള്ളിപ്പറഞ്ഞ് എം കെ മുനീര്‍; മുഈനലിക്കെതിരേ നടപടിയെടുക്കാന്‍ ഭയന്ന് ലീഗ്

പാര്‍ട്ടി അനുമതിയോടെ അല്ല കൂട്ടായ്മ രൂപീകരിച്ചത് എങ്കിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണം ചെയ്യുമെന്ന തിരിച്ചറിവില്‍ അവര്‍ക്കെതിരേ തല്‍ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

Update: 2022-10-19 12:16 GMT

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ കൂട്ടായ്മ രൂപീകരിച്ചതിനെ തള്ളിപ്പറഞ്ഞ് മുതിര്‍ന്ന നേതാവ് എം കെ മുനീര്‍. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ മകന്‍ മുഈനലി തങ്ങള്‍ കൂട്ടായ്മ രൂപീകരിച്ചത് പാര്‍ട്ടി അനുമതിയോടെയല്ലെന്ന് എം കെ മുനീര്‍ വ്യക്തമാക്കി. പാര്‍ട്ടി അനുമതിയോടെ അല്ല കൂട്ടായ്മ രൂപീകരിച്ചത് എങ്കിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണം ചെയ്യുമെന്ന തിരിച്ചറിവില്‍ അവര്‍ക്കെതിരേ തല്‍ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

പല വിഷയങ്ങളിലും ലീഗ് നേതൃത്വവുമായി പരസ്യമായി ഏറ്റുമുട്ടിയിട്ടുള്ള മുഈനലി തങ്ങള്‍ പിതാവിന്റെ പേരിലുണ്ടാക്കിയ ഫൗണ്ടേഷന്‍ ലീഗിലും പുറത്തും വലിയ തര്‍ക്ക വിഷയമായി മാറിയിരിക്കുകയാണ്. പിതാവിന്റെ പേരില്‍ ഒരു കൂട്ടായ്മ തുടങ്ങാന്‍ മുഈനലിക്ക് തടസ്സമില്ല. എന്നാല്‍ അതിന് മുസ്‌ലിം ലീഗില്‍ നിന്ന് പുറത്തായവരെ കൂട്ടുപിടിക്കുന്നതിലെ അതൃപ്തി മുനീര്‍ ഉന്നയിച്ചു.മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം ഇത്തരത്തില്‍ ഒരു സമിതി ഉണ്ടാക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.

അതേസമയം മുഈനലി രൂപീകരിച്ച കൂട്ടായ്മയ്ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ടെന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് വിഷയത്തില്‍ തല്‍ക്കാലം നടപടി എടുക്കേണ്ട എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് എത്തിയത്.

എന്നാല്‍ വിഷയത്തിന് അമിത പ്രാധാന്യം കൊടുക്കേണ്ടെന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം. തല്‍ക്കാലം നടപടി ഉണ്ടാക്കില്ല. മുഈനലി തങ്ങളോട് ഏറ്റുമുട്ടുന്നത് ലീഗിന് തലവേദനയാകും എന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മുഈനലി തങ്ങളടക്കം 11 ലീഗ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഒപ്പം ലീഗ് നടപടിയെടുത്ത കെ എസ് ഹംസയും എംഎസ്എഫിന്റെ ഹരിത നേതാക്കളും യോഗത്തിനെത്തിയിരുന്നു. അതേസമയം ഫൗണ്ടേഷനിലൂടെ ലീഗിലെ വിമത പ്രവര്‍ത്തനം സജീവമാകുന്നത് തടയിടാനുള്ള നടപടി നേതൃത്വം സ്വീകരിക്കും. അതിനായി ഫൗണ്ടേഷനുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ലീഗ് നേതൃത്വം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. ഫൗണ്ടേഷനുമായി ബന്ധപ്പെടുന്നവര്‍ക്ക് അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News