എം കെ ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഭീകരത: സി പി എ ലത്തീഫ്; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു
തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണ് ഈ അറസ്റ്റിനു പിന്നില്‍. ഇഡി നല്‍കിയ നോട്ടീസ് പ്രകാരം ഡല്‍ഹിയില്‍ നേരിട്ട് ഹാജരായ എം കെ ഫൈസിയെ അവിടെ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
ബെംഗളുരുവില്‍ നിന്ന് അറസ്റ്റുചെയ്‌തെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നില്‍ പോലും അവരുടെ ദുഷ്ടലാക്ക് കുടിയിരിക്കുന്നു. കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യായ നിയമ നിര്‍മാണത്തിലൂടെ തട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി എസ്ഡിപിഐ നടത്തിയ പ്രതിഷേധങ്ങളും ബഹുജന റാലികളും മഹാസമ്മേളനങ്ങളും ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് കുറച്ചൊന്നുമല്ല ആര്‍എസ്എസ് സര്‍ക്കാരിനെ വിറളി പിടിപ്പിച്ചത്.
നാളിതുവരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ നീതിപീഠത്തില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. കേവലം ആരോപണങ്ങള്‍ക്കപ്പുറം വ്യക്തമായതും മതിയായതുമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി പരാജയപ്പെട്ടതിന്റെ പേരില്‍ കുറ്റാരോപിതര്‍ ഓരോരുത്തരായി ജാമ്യം നേടി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇഡിയുടെ രാഷ്ട്രീയ പ്രേരിത പ്രതികാര നടപടികളില്‍ പരമോന്നത നീതിപീഠമായ സുപ്രിം കോടതി പോലും കടുത്ത ഭാഷയിലാണ് താക്കീത് ചെയ്തത്. വ്യാജ ആരോപണങ്ങളുന്നയിച്ച് നിരപരാധികളെ ദീര്‍ഘകാലം തടവിലാക്കാമെന്നതു മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്ന് നാളിതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നു വ്യക്തമായതാണ്.
ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ വംശീയവും ജനവിരുദ്ധവുമായ നയനിലപാടുകള്‍ക്കെതിരേ ജനാധിപത്യ പ്രതിഷേധം സംഘടിപ്പിക്കുന്നവരെ കൈയാമം വെക്കുകയും കല്‍ത്തുറുങ്കിലടയ്ക്കുകയും നിശബ്ദരാക്കുകയും ചെയ്യുകയെന്നതാണ് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നടപടികള്‍. അറസ്റ്റിലൂടെ ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിഷേധത്തെ തടുത്തുനിര്‍ത്താമെന്നത് ബിജെപി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
