പച്ചക്കറി വിലക്കയറ്റത്തിന് കാരണം മിയ മുസ് ലിംകള്‍; വിദ്വേഷപരാമര്‍ശവുമായി അസം മുഖ്യമന്ത്രി

Update: 2023-07-15 08:38 GMT

ഗുവാഹത്തി: സംസ്ഥാനത്ത് പച്ചക്കറികളുടെ വിലക്കയറ്റത്തിന് 'മിയ' മുസ് ലിംകളെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. ഗ്രാമീണ പ്രദേശങ്ങളില്‍ പച്ചക്കറി വില കുറവാണെന്നും എന്നാല്‍, നഗരപ്രദേശങ്ങളിലേക്ക് കൊണ്ടുവരുമ്പോള്‍ വില വര്‍ധിപ്പിക്കുകയാണെന്നുമാണ് ശര്‍മയുടെ പരാമര്‍ശം. എല്ലാ വില്‍പ്പനക്കാരും നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും അവരില്‍ ഭൂരിഭാഗവും 'മിയ' മുസ് ലിംകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അവര്‍ (കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്‌ലിംകള്‍) അസമീസ് ജനതയില്‍ നിന്ന് ഉയര്‍ന്ന വില വാങ്ങുകയാണ്. ഗുവാഹത്തിയില്‍ 'മിയ' മുസ് ലിംകള്‍ പ്രാദേശിക പച്ചക്കറി മാര്‍ക്കറ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തതായും ശര്‍മ്മ പറഞ്ഞു.

    'എല്ലാ 'മിയ' മുസ് ലിം പച്ചക്കറി വില്‍പ്പനക്കാരെയും നഗരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ അസമീസ് യുവാക്കള്‍ മുന്നോട്ടുവരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ശര്‍മ പറഞ്ഞു. ക്യാബ് മുതല്‍ ബസ് സര്‍വീസുകള്‍ വരെ, ഭൂരിഭാഗം ആളുകളും ഇപ്പോള്‍ മിയ വിഭാഗമാണ്. ഈയിടെ ഈദ് ദിനത്തില്‍, അവര്‍ പെരുന്നാള്‍ ആഘോഷിക്കുകയും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഗുവാഹത്തിയിലെ മിക്ക റോഡുകളും ഒഴിഞ്ഞുകിടക്കുന്നത് ഞങ്ങള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അസം സംസ്ഥാനത്തുടനീളം കഴിഞ്ഞ കുറച്ച് കാലമായി പച്ചക്കറി വിലയില്‍ കുത്തനെ വര്‍ധനിച്ചത് സാധാരണക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാക്കുന്നതിനിടെയാണ് ശ്രദ്ധ തിരിച്ചുവിടാന്‍ സാമുദായിക നിറം നല്‍കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടിനെ പൊതുജനങ്ങള്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. അതേസമയം, മുസ് ലിം ജനതയില്ലാതെ അസമീസ് സമൂഹം അപൂര്‍ണമാണെന്നും മിയ മുസ് ലിംകളും അസമികളും സഹോദരങ്ങളെ പോലെയാണെന്നും ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞതിനു പിന്നാലെയാണ് ഹിമന്ത ബിശ്വശര്‍മയുടെ പ്രതികരണം. ബ്രിട്ടീഷ് ഭരണകാലത്ത് അസമിലെ ബ്രഹ്മപുത്ര താഴ്‌വരയില്‍ താമസിച്ചിരുന്ന കുടിയേറ്റ ബംഗാളി മുസ്‌ലിംകളുടെ പിന്‍ഗാമികളാണ് മിയ മുസ്‌ലിംകള്‍. ഇന്നത്തെ ബംഗ്ലാദേശിലെ മൈമെന്‍സിംഗ്, രംഗ്പൂര്‍, രാജ്ഷാഹി എന്നീ ഡിവിഷനുകളില്‍ നിന്നാണ് ഇവര്‍ കുടിയേറിയത്.

Tags:    

Similar News