കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍നിന്ന് ഉത്തരക്കടലാസ് കാണാതായി

Update: 2019-10-01 16:45 GMT

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാഭവനില്‍ നിന്ന് വിദൂര പഠന വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി. മൂല്യ നിര്‍ണയത്തിനായി അധ്യാപകര്‍ക്ക് അയക്കാനുള്ള നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ 17 ഉത്തരക്കടലാസുകളാണ് കാണാതായത്. ഫോള്‍സ് നമ്പര്‍ ചേര്‍ത്ത ശേഷം അടുക്കിവച്ച കെട്ടില്‍ നിന്നാണു കാണാതായതെന്നാണു അധികൃതര്‍ പറയുന്നത്. അസല്‍ നമ്പര്‍ കീറിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ പരീക്ഷ കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് പേപ്പറുകളില്‍ എണ്ണക്കുറവ് കണ്ടെത്തിയത്. സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി ശിവദാസന്‍ പോലിസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.

    ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും ഉത്തരക്കടലാസുകള്‍ ആസൂത്രിതമായി മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും പി ശിവദാസന്‍ പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ജോയിന്റ് കണ്‍ട്രോളര്‍ കെ പി വിജയന്‍, ജോയിന്റ് റജിസ്ട്രാര്‍ പി പി അജിത എന്നിവനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. നേരത്തെയും സര്‍വകലാശാലയില്‍ നിന്ന് ഉത്തരകടലാസുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും കാണാതായിരുന്നു.




Tags:    

Similar News