'രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിനു തുല്യം'; ടി ഐ മധുസൂദനനെതിരേ കെ സുധാകരൻ
രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിനു തുല്യമാണെന്നും, മധുസൂദനൻ എംഎൽഎ എന്ന നിലയിൽ തുടരരുതെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
കണ്ണൂർ: രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഒരു കോടിയോളം രൂപയുടെ ഫണ്ട് തിരിമറി വിവാദത്തിൽ പയ്യന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നടപടിക്കു വിധേയനായ ടി ഐ മധുസൂദനനെ എംഎൽഎ സ്ഥാനത്തു നിന്ന് നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പയ്യന്നൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്ത് മാറ്റിയ സംഭവത്തെ തുടർന്നാണ് സുധാകരൻ പയ്യന്നൂരിലെത്തിയത്. രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിനു തുല്യമാണെന്നും, മധുസൂദനൻ എംഎൽഎ എന്ന നിലയിൽ തുടരരുതെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. അക്രമികൾ തകർത്ത ഗാന്ധി പ്രതിമ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കഴുത്തറുക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹം പയ്യന്നൂർ ഗാന്ധി മന്ദിരത്തിലെ രാഷ്ട്ര പിതാവിന്റെ പ്രതിമയുടെ തലയറുത്ത് തീർത്തുവെന്നും സുധാകരൻ പറഞ്ഞു. ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടി കിട്ടിയാലേ സിപിഎം പഠിക്കൂവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട ഇ പി ജയരാജനെ കേസിൽ പ്രതി ചേർത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം, പയ്യന്നൂരിൽ പാർട്ടി ഫണ്ട് അപഹരിക്കപ്പെട്ടിട്ടില്ലെന്നും വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ ചുമതലക്കാർക്കു വീഴ്ച പറ്റിയതാണെന്നുമായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ടി ഐ മധുസൂദനൻ എംഎൽഎയോടൊപ്പം ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണനെതിരേയും പാർട്ടി നടപടിയെടുത്തിരുന്നു. പയ്യന്നൂരിലെ നേതാക്കൾക്കിടയിൽ മാനസിക ഐക്യമില്ലാത്തതാണ് പ്രശ്നമെന്ന ന്യായീകരണവും സിപിഎം നടത്തിയിരുന്നു.
കണക്കുകളും രേഖകളും സഹിതം തിരിമറി പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നയാളാണ് കുഞ്ഞിക്കൃഷ്ണൻ. ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ലെന്ന കുറ്റത്തിന് ടി ഐ മധുസൂദനൻ അടക്കം 6 പേർക്കെതിരെയാണ് അച്ചടക്ക നടപടി. ഇക്കാര്യം പാർട്ടി ഘടകങ്ങളിൽ റിപോർട്ട് ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ടിലും നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ടിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നുവെന്നാണു പരാതി.
