ന്യൂനപക്ഷ അവകാശം: ഹൈക്കോടതി വിധി പുനപ്പരിശോധിക്കണം- പോപുലര്‍ ഫ്രണ്ട്

ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസ്സിലാക്കാതെയാണ് കോടതി ഇപ്പോള്‍ തെറ്റായ വിധി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള പദ്ധതിയില്‍ തുടര്‍ന്നുവന്ന സര്‍ക്കാര്‍ ഭേദഗതി വരുത്തി മറ്റു വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതാണ് ഇപ്പോഴുണ്ടായിട്ടുള്ള തെറ്റിദ്ധാരണയ്ക്ക് കാരണം.

Update: 2021-05-28 14:54 GMT

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പുനപ്പരിശോധിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പാലോളി കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ഷേമപദ്ധതി നടപ്പാക്കിയത്. പിന്നീട് ഈ പദ്ധതിയിലേക്ക് മറ്റ് വിഭാഗങ്ങള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുകയായിരുന്നു.

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശുപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടിയും പ്രതികരിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസ്സിലാക്കാതെയാണ് കോടതി ഇപ്പോള്‍ തെറ്റായ വിധി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള പദ്ധതിയില്‍ തുടര്‍ന്നുവന്ന സര്‍ക്കാര്‍ ഭേദഗതി വരുത്തി മറ്റു വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതാണ് ഇപ്പോഴുണ്ടായിട്ടുള്ള തെറ്റിദ്ധാരണയ്ക്ക് കാരണം.

80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. ഈ വസ്തുത മറച്ചുവച്ച് ഹരജിക്കാരന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതേസമയം, മുസ്‌ലിം പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി നടപ്പാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥയും ഇത്തരമൊരു വിധിക്ക് കാരണമായിട്ടുണ്ട്.

ഹൈക്കോടതിയുടെ അസാധാരണമായ വിധിക്കെതിരേ നിയമപരമായി മുന്നോട്ടുപോവും. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി അനുവദിക്കണമെന്ന കോടതി നിര്‍ദേശം എല്ലാ സര്‍ക്കാര്‍ സംവിധാനത്തിലും നടപ്പാക്കാന്‍ ഹൈക്കോടതി ഇടപെടുകയാണെങ്കില്‍ ഈ വിധിക്ക് നീതീകരണമുണ്ടാവുമായിരുന്നു. മുന്നാക്ക സംവരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇക്കാര്യം പരിഗണിക്കാത്ത കോടതി മുസ്‌ലിം ആനുകൂല്യത്തില്‍ മാത്രം വേവലാതിപ്പെടുന്നത് ദുരുദ്ദേശപരമാണെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News