ന്യൂനപക്ഷ പ്രാതിനിധ്യം: സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കാന്തപുരം

ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് പല വിഷയങ്ങളിലും രാജ്യത്തിന് മാതൃക കാട്ടിയ കേരള നിയമസഭ, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന പുതിയ മാതൃകകളുണ്ടാക്കാനും മുന്നോട്ടുവരണമെന്ന് കാന്തപുരം പറഞ്ഞു.

Update: 2021-06-04 06:46 GMT

കോഴിക്കോട്: പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ, സാമൂഹികവിഭാഗങ്ങളെ തരംതിരിച്ച് പരിഹാരക്രിയകളും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതിന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ മാത്രം മതിയാവില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനാവശ്യമായ സമഗ്രമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് പല വിഷയങ്ങളിലും രാജ്യത്തിന് മാതൃക കാട്ടിയ കേരള നിയമസഭ, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന പുതിയ മാതൃകകളുണ്ടാക്കാനും മുന്നോട്ടുവരണമെന്ന് കാന്തപുരം പറഞ്ഞു.

ന്യൂനപക്ഷങ്ങളിലെ വ്യത്യസ്തമായ ആറ് നോട്ടിഫൈഡ് വിഭാഗങ്ങളെയും ഒരുമിച്ചുപരിഗണിക്കുന്ന രീതി സാമൂഹിക നീതി ഉറപ്പുവരുത്താന്‍ സഹായിക്കില്ല. പകരം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെയും അല്ലാത്തവരെയും വെവ്വേറെ വിഭാഗങ്ങളാക്കി വേര്‍തിരിച്ചു കൊണ്ടുള്ള പരിഹാരക്രിയകളും ക്ഷേമപദ്ധതികളും ജനസംഖ്യാനുപാതികമായി നടപ്പാക്കണം. മറ്റുപല സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്.

നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട്, പാലോളി കമ്മിറ്റി റിപോര്‍ട്ട് എന്നിങ്ങനെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യക്കുറവും വിശദമായി പ്രതിപാദിക്കുന്ന രണ്ട് പഠനറിപോര്‍ട്ടുകള്‍ ഇപ്പോള്‍തന്നെ സര്‍ക്കാരിനു മുന്നിലുണ്ട്. അതിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കണം. തുല്യാവസാരവകാശ കമ്മീഷനെ നിയമിച്ചുകൊണ്ട് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള സംവരണ വിഭാഗങ്ങള്‍ക്കവകാശപ്പെട്ട പ്രാതിനിധ്യവും മറ്റു അവകാശങ്ങളും എല്ലാ മേഖലകളിലും ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്താനുള്ള വ്യവസ്ഥാപിതമായ സ്ഥിരം സംവിധാനമൊരുക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

Tags: