പതിനാറുകാരിയെ ബലാൽസംഗം ചെയ്തു; ഒരു ലക്ഷം കൊടുത്ത് ഒതുക്കാന്‍ പഞ്ചായത്ത്

ഛത്തിസ്ഗഢിലെ ജഷ്പുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഒരു വിവാഹ വിരുന്നു കഴിഞ്ഞു വരികയായിരുന്ന പതിനാറുകാരിയെ നാലു പേര്‍ ചേര്‍ന്നു തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

Update: 2022-07-12 15:19 GMT

ജഷ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്നു ബലാൽസംഗം ചെയ്ത സംഭവം ഒരു ലക്ഷം രൂപ കൊടുത്ത് ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്തിന്റെ ശ്രമം. വിവരം അറിഞ്ഞ പോലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.

ഛത്തിസ്ഗഢിലെ ജഷ്പുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഒരു വിവാഹ വിരുന്നു കഴിഞ്ഞു വരികയായിരുന്ന പതിനാറുകാരിയെ നാലു പേര്‍ ചേര്‍ന്നു തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കാട്ടു പ്രദേശത്തേക്കു കൊണ്ടുപോയ കുട്ടിയെ പ്രതികള്‍ ബലാൽസംഗം ചെയ്തു.

വിവരം അറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തു വിളിച്ചുകൂട്ടി വിഷയം ചര്‍ച്ച ചെയ്തു. പഞ്ചായത്തിനു മുന്നില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു പഞ്ചായത്തിന്റെ നിര്‍ദേശം. പതിനായിരം രൂപ കുട്ടിക്കു കൊടുക്കുകയും ബാക്കി തുക നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ സംഭവം അറിഞ്ഞ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി പോലിസ് രേഖപ്പെടുത്തി. കുറ്റകൃത്യം ഒതുക്കാന്‍ നോക്കിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്പി അറിയിച്ചു.