തിരിച്ചടിയുടെ ഭവിഷ്യത്തുകള്‍ ഏറ്റെടുക്കേണ്ടിവരും; കലാപത്തിന് ആസൂത്രിത നീക്കമെന്ന് മന്ത്രിമാര്‍

Update: 2023-12-20 12:21 GMT

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കലാപം നടത്താന്‍ കോണ്‍ഗ്രസ് ആസൂത്രിത നീക്കം നടത്തുന്നതായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും. അക്രമ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ തിരിച്ചടിയുടെ ഭവിഷ്യത്തുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവേണ്ടി വരുമെന്നും ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് മുഖ്യ ആസൂത്രകന്‍. അക്രമം അഴിച്ചുവിട്ടാല്‍ കര്‍ശന നടപടിയുണ്ടാവും. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ മറവില്‍ ക്രിമിനലുകളെ തെരുവുകളില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുഖജനാവിന് ഉണ്ടായത്. നവകേരള സദസ്സിന്റെ വന്‍വിജയമാണ് കോണ്‍ഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചത്. അതാണ് നവകേരള സദസ്സിന്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചുവിടാന്‍ കാരണം. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമാണ്. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണ്. തിരുവനന്തപുരം നഗരത്തിലെ നവകേരള സദസ്സിന്റെ പ്രചാരണ ബോര്‍ഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായതായും മന്ത്രിമാര്‍ പറഞ്ഞു.

Tags: