വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

Update: 2023-05-10 08:21 GMT

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ കൊല്ലപ്പെട്ട സംഭവത്തില്‍ വന്ദനക്ക് പരിചയക്കുറവുണ്ടായെന്ന രീതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി രംഗത്ത്. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. വന്ദനാ ദൗസ് ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് തന്നെ ഒരു ആക്രമണം ഉണ്ടായപ്പോള്‍ വന്ദനാ ദാസ് ഭയന്നിട്ടുണ്ട് എന്നാണ് അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നായിരുന്നു വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. 'പോലിസുകാരുടെ മധ്യത്തിലാണ് അക്രമം ഉണ്ടായത്. വേദനിപ്പിക്കുന്ന സംഭവമാണ്. മോള്‍ ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് ഒരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് അവിടത്തെ ഡോക്ടര്‍മാര്‍ പറയുന്നത് എന്നായിരുന്ന വീണാ ജോര്‍ജിന്റെ വാക്കുകള്‍. എന്നാല്‍, പരാമര്‍ശം വിവാദമായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വീണാജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയത്.

വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'പോലിസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലിസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സ്പീരിയന്‍സഡ്് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്'. കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ എന്റെ വാക്കുകള്‍ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.

Tags: