കേന്ദ്ര പാക്കേജ്: ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങളില്ലെന്ന് തോമസ് ഐസക്

കോര്‍പറേറ്റുകളെ സഹായിക്കുന്ന നടപടികളാണു കേന്ദ്രത്തിന്റെ പാക്കേജിലുള്ളത്. സ്വകാര്യവത്ക്കരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ആരോഗ്യമേഖലയില്‍ പോലും കോര്‍പറേറ്റ് ആശുപത്രി ശൃംഖലയ്ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്.

Update: 2020-05-16 18:25 GMT

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങളില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

കോര്‍പറേറ്റുകളെ സഹായിക്കുന്ന നടപടികളാണു കേന്ദ്രത്തിന്റെ പാക്കേജിലുള്ളത്. സ്വകാര്യവത്ക്കരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ആരോഗ്യമേഖലയില്‍ പോലും കോര്‍പറേറ്റ് ആശുപത്രി ശൃംഖലയ്ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്. പ്രതിരോധ മേഖല, ആണവോര്‍ജം, കല്‍ക്കരി, ബഹിരാകാശം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെല്ലാം സ്വകാര്യവത്കരണം നടക്കാന്‍ പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ ബാക്കിയുള്ള എല്ലാവര്‍ക്കും 1000 രൂപ വീതം അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ലിസ്റ്റ് തയ്യാറാക്കാനായി എന്‍ഐസിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ ചില ജില്ലകളിലെ ലിസ്റ്റില്‍ പാകപ്പിഴയുണ്ടായതിനാല്‍ ഇത് പരിശോധിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ബുധനാഴ്ച അന്തിമ ലിസ്റ്റ് തയാറാകും.ഇവര്‍ക്കെല്ലാം ആയിരം രൂപ വീതം നല്‍കിക്കഴിഞ്ഞാല്‍ കൂടുതല്‍ ധനസഹായം തുടര്‍ന്ന് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് മാറ്റിയ 500 കോടി രൂപയുണ്ട്. അടുത്ത മാസം മറ്റൊരു 500 കോടി കൂടി ലഭിക്കും. ജനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ നയം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ ഊര്‍ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

Tags: