സർക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്നത് അനുവദിക്കില്ല; പോലിസിനെതിരേ മന്ത്രി റിയാസ്
കൊവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയായും പരിശോധിക്കപ്പൈടണം.
കോവളം: പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പോലിസിനെതിരേ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. പോലിസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും പോലിസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി റിയാസ് പറഞ്ഞു.
സർക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തിൽ ആഭ്യന്തര വകുപ്പ് നടപടി എടുക്കട്ടെ എന്നും റിയാസ് പറഞ്ഞു.
കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്‌ബെർഗിനെ(68)യാണ് വാഹന പരിശോധനയ്ക്കിടെ കോവളം പോലിസ് അവഹേളിച്ചെന്ന് ആക്ഷേപമുണ്ടായത്. പരിശോധനയ്ക്കിടെ ഇയാൾ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം.
ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശ സഞ്ചാരികൾ ഉൾപ്പടെ കേരളത്തിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്ന് വരാനുള്ള പുതിയ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. കൊവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയായും പരിശോധിക്കപ്പൈടണം. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നും റിയാസ് പറഞ്ഞു.
വെള്ളാറിലുള്ള ബിവറേജ് ഔട്ട്ലെറ്റിൽ നിന്നാണ് സ്റ്റീഫൻ ആസ്‌ബെർഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്കു പോകുമ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പോലിസ് സ്‌കൂട്ടർ കൈകാണിച്ചു നിർത്തി. ബാഗിൽ മദ്യമുണ്ടോയെന്നും ഉണ്ടെങ്കിൽ ബില്ല് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് നൽകിയില്ല. പോലിസുകാർ വീണ്ടും ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു.
തുടർന്ന് സ്റ്റീഫൻ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽ നിന്ന് രണ്ടു കുപ്പിയെടുത്ത് സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കി. മൂന്നാമെത്ത കുപ്പി ബാഗിൽത്തന്നെ വച്ചു. പോലിസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
