അതിഥി സൽക്കാരം: റവന്യൂമന്ത്രി രണ്ടു മാസത്തിനിടെ ഖജനാവിൽ നിന്ന് പൊടിച്ചത് അരലക്ഷത്തിലേറെ രൂപ

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 15 ലക്ഷം രൂപക്കടുത്താണ് ആകെ ചെലവായതെന്നും കണക്കുകൾ പറയുന്നു.

Update: 2021-10-16 05:06 GMT

കോഴിക്കോട്: സംസ്ഥാനത്ത് അതിഥി സൽക്കാരത്തിന് ഏറ്റവും അധികം തുക ചെലവഴിക്കുന്നത് റവന്യൂ മന്ത്രി. 55804 രൂപയാണ് കഴിഞ്ഞ രണ്ട് മാസം അതിഥി സൽക്കാരത്തിന് റവന്യൂമന്ത്രി കെ രാജൻ ചെലവഴിച്ചത്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചിലവഴിച്ച തുകയുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സർക്കാർ തന്നെ നൽകിയ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസമായി അതിഥി സൽക്കാരത്തിന് മുമ്പിൽ നിൽക്കുന്നത് റവന്യു മന്ത്രി കെ രാജനാണ്. 5,5804 രൂപ റവന്യൂ മന്ത്രി അതിഥി സൽക്കാരത്തിനായി ചെലവഴിച്ചത്. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും ഏറെ മോശമാക്കിയില്ല. അതിഥി സൽക്കാരത്തിനായി 33285 രൂപ വനം മന്ത്രി ചെലവഴിച്ചിട്ടുണ്ട്.

ഭരണത്തലവനായ മുഖ്യമന്ത്രി 12910 രൂപയാണ് അതിഥി സൽക്കാരത്തിനായി ചെലവഴിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് അതിഥി സൽക്കാരത്തിൽ പിന്നിൽ നിൽക്കുന്നത് 1863 രൂപ മാത്രമാണ് ആകെ ചെലവായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് മാസം കൊണ്ട് സർക്കാരും പ്രതിപക്ഷനേതാവും ചേർന്ന് മൂന്ന് ലക്ഷം രൂപക്കടുത്ത് അതിഥി സൽക്കാരത്തിനായി ചെലവഴിച്ച് കഴിഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 15 ലക്ഷം രൂപക്കടുത്താണ് ആകെ ചെലവായതെന്നും കണക്കുകൾ പറയുന്നു.

ധന വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതനിടെയാണ് സൽക്കാരത്തിന് മന്ത്രിമാർ ഭീമമായ തുക ചെലവഴിക്കുന്നത്. ആദിവാസി സ്ത്രീകൾക്ക് ​ഗർഭകാലത്ത് പോഷകാഹാരക്കുറവ് പരിഹരിക്കാൻ മാസാമാസം നൽകി വന്നിരുന്ന 2000 രൂപ ധനസഹായം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നൽകാതായിട്ട് മാസങ്ങളായെന്നത് മറ്റൊരു വസ്തുതയാണ്. 

Similar News