ഇറാനില്‍ നിന്ന് മിസൈല്‍ മഴ; ഷെള്‍ട്ടറുകളില്‍ അഭയം തേടി ലക്ഷക്കണക്കിന് ഇസ്രായേലികള്‍
തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളിലൂടെ ഇസ്രായേലികളുടെ ഉറക്കം കെടുത്തുകയാണ് ഇറാന്‍. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇതുവരെ ഇരുനൂറിലധികം മിസൈലാണ് ഇറാന്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തു വിട്ടത്. ടെല്‍ അവീവ് ഉള്‍പ്പടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ നാശനഷ്ടമുണ്ടാക്കാനായി എന്നതും ഇസ്രായേലിലെ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. അര്‍ദ്ധ രാത്രി മുതല്‍ കുറഞ്ഞത് അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിക്കുന്നുണ്ട്. വ്യത്യസ്ഥ സമയങ്ങളില്‍ അപായ മുന്നറിയിപ്പ് ലഭിക്കുന്നതിനാല്‍ പലപ്പോഴും രാത്രി മുഴുവന്‍ ഷെല്‍ട്ടറുകളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഇസ്രായേല്‍ സര്‍ക്കാരിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനാണ് ഇറാന്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രായേലില്‍ നിന്നുള്ള വിദഗ്ധരുടെ വിലയിരുത്തല്‍. വ്യത്യസ്ഥ സമയങ്ങളില്‍ മിസൈലുകള്‍ വിക്ഷേപിച്ച് ഇസ്രായേലികളെ ഷെള്‍ട്ടറുകളില്‍ കഴിയാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇസ്രായേല്‍ അധികൃതര്‍ കുറ്റപ്പെടുത്തി.
ആദ്യ ആഴ്ചയില്‍ ഇറാനില്‍ നിന്നും ഇസ്രായേലിലേക്ക് 1,000 മിസൈല്‍ വിക്ഷേപണങ്ങള്‍ വരുമെന്ന് സുരക്ഷാ വിഭാഗം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 200 മിസൈലുകളാണ് ഇറാന്‍ തൊടുത്തതെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, വരും ദിവസങ്ങളിലും ആക്രമണം ശക്തമാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനെ ആക്രമിച്ച ഇസ്രായേല്‍ നിരാശരാകേണ്ടി വരുമെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.