സൈനിക ഹെലികോപ്റ്റര്‍ അപകടം: വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു (വീഡിയോ)

Update: 2021-12-08 08:42 GMT

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണമെന്താണെന്നാണ് അന്വേഷിക്കുന്നത്. ബിപിന്‍ റാവത്ത് അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററിലുണ്ടായിരുന്നതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ നാലുപേര്‍ മരിച്ചതായാണ് അവസാനം പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.

ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, ഡിഫന്‍സ് അസിസ്റ്റന്റ്, സെക്യൂരിറ്റി കമാന്‍ഡോകള്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ ഒമ്പതുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കുനൂര്‍ കട്ടേരിക്ക് സമീപം എം.ഐ 17വി.5 ഹെലികോപ്റ്ററാണ് തകര്‍ന്നത്.

ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇത് പ്രതിരോധമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൈനിക ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയതായും 80 ശതമാനം പൊള്ളലേറ്റ രണ്ട് മൃതദേഹങ്ങള്‍ നാട്ടുകാര്‍ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായും റിപോര്‍ട്ടുകള്‍ പറയുന്നു. അപകടസ്ഥലത്ത് കുറച്ച് മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. മൃതദേഹങ്ങള്‍ കണ്ടെടുക്കാനും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News