ഫിറോസ് കുന്നുംപറമ്പിലിനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയുംവേഗം പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു

Update: 2019-10-15 13:14 GMT

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയുംവേഗം പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ 'സ്ത്രീ' എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു.

    സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപേര്‍ക്ക് ചികില്‍സാ സഹായങ്ങളും മറ്റും നടത്തിവരുന്ന ഫിറോസ് കുന്നുംപറമ്പില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചതോടെ ചിലര്‍ രൂക്ഷമായി വിമര്‍ശനമുന്നയിക്കുകയായിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ലൈവിലൂടെ ഫിറോസ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. 'കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ' എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ച് ഫിറോസ് കുന്നംപറമ്പില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചെന്നാണ് ആരോപണം.



Tags:    

Similar News