മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ നാദാപുരം ഖാസി

Update: 2021-06-06 14:30 GMT

കോഴിക്കോട്: നാദാപുരം ഖാസിയായി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്‌ല്യാരെ നാദാപുരം വലിയ ജുമാമസ്ജിദ് പരിപാലന കമ്മിറ്റി നിയമിച്ചു. ഖാസി പി അഹമ്മദ് മൗലവിയുടെ നിര്യാണത്തെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ കൂടിയായ കുഞ്ഞബ്ദുല്ല മുസ് ല്യാരെ തിരഞ്ഞെടുത്തത്. മേനക്കോത്ത് കുടുംബത്തില്‍നിന്നാണ് നാദാപുരത്ത് ഖാസിയെ നിശ്ചയിച്ചുവരുന്നത്. നാദാപുരം മുന്‍ ഖാസി മര്‍ഹൂം അമ്മദ് മുസ്‌ല്യാരുടെയും ഖദീജയുടെയും മകനായ അദ്ദേഹം നിലവില്‍ തൂണേരി കുരിക്കള്‍ പൊയില്‍ മഹല്ല് ഖാസിയും നാദാപുരം ജുമാ മസ്ജിദ് ഖത്തീബും ഇമാമുമായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.

ശംസുല്‍ ഉലമാ കീഴന ഓര്‍, കോറോത്ത് ഹമീദ് മുസ്‌ല്യാര്‍, ചേലക്കാട് ഹസന്‍ മുസ്‌ല്യാര്‍, കിഴക്കയില്‍ ഹസന്‍ മുസ്‌ല്യാര്‍, എം സുലൈമാന്‍ മുസ്‌ല്യാര്‍, ഖാരിഅ് ഹസ്സന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ എന്നിവരുടെ കീഴില്‍ നാദാപുരത്ത് തന്നെയാണ് മതപഠനം പൂര്‍ത്തീകരിച്ചത്. മതപണ്ഡിതനും മികച്ച ഖാരിഉം ആണെന്നതിനു പുറമെ മാപ്പിള കവി കൂടിയാണ്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ വടകര താലൂക്ക് മുശാവറാ അംഗമായ അദ്ദേഹം എസ്‌വൈഎഫ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളാ സുന്നീ ജമാഅത്ത് മേഖലാ പ്രസിഡന്റാണ്. 1958 ല്‍ നാദാപുരത്തെ പുരാതന പണ്ഡിതകുടുംബമായ മേനക്കോത്ത് കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മുന്‍ ഖാസി മേനക്കോത്ത് അമ്മദ് മുസ്‌ലിയാരാണ് പിതാവ്. മേനക്കോത്ത് ഓര്‍ എന്ന പേരില്‍ പ്രശസ്തരായ ഖാസി കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാരുടെ മകന്‍ ഖാസി മുഹമ്മദ് മുസ്‌ല്യാരുടെ മകള്‍ ഖദീജയാണ് മാതാവ്. കുമ്മങ്കോട് ഖാസി മര്‍ഹൂം മസ്ഊദ് മുസ്‌ല്യാര്‍ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനാണ്.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗവും മൊദാക്കര മുദരിസും ഖാസിയുമായ ഉസ്താദ് മുജീബ് വഹബി അദ്ദേഹത്തിന്റെ ജാമാതാവാണ്. സാബിര്‍ ദാറാനി, സാലിം ദാറാനി എന്നീ പണ്ഡിതന്‍മാര്‍ അദ്ദേഹത്തിന്റെ മക്കളാണ്. നാദാപുരത്തിന് പേരും പ്രശസ്തിയും നല്‍കിയ മേനക്കോത്ത് ഓറുമാര്‍ നാടിന്റെ ഖാസി മാത്രമായിരുന്നില്ല ആത്മീയാചാര്യന്‍മാരും പണ്ഡിതനേതൃത്വവുമായിരുന്നു.

നാട്ടുകാരുടെ എല്ലാവിധ പ്രശ്‌നങ്ങളിലും ഇടപെടുന്ന ഖാസിമാര്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയമായിരുന്നു. പ്രമുഖപണ്ഡിതന്‍മാരെല്ലാം ദര്‍സ് നടത്തിയ നാദാപുരം പള്ളിയില്‍ മേനക്കോത്ത് കുടുംബത്തില്‍നിന്ന് തന്നെയാണ് ഖാസിമാരെ നിശ്ചയിച്ചു വരാറുള്ളത്. ഖാസിയാരോഹണത്തില്‍ കെ കെ മഠത്തില്‍ കുഞ്ഞബ്ദുല്ല, സി വി സുബൈര്‍, കണ്ണാത്ത് കുഞ്ഞാലി, കെ ജി അസീസ്, വലിയാണ്ടി ഹമീദ്, മറ്റു പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടന്നു.

Tags: