മെഹബൂബ മുഫ്തി ഏകാന്ത തടവില്‍; ആരേയും കാണാന്‍ അനുവദിക്കുന്നില്ല: മകള്‍ ഇല്‍ത്തിജ
ന്യൂഡല്‍ഹി: ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും അറസ്റ്റിലായ പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഏകാന്ത തടവിലാണെന്ന് മകള്‍ ഇല്‍ത്തിജ ജാവേദ്. ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലാണ് മെഹബൂബ മുഫ്തിയെ പാര്‍പ്പിച്ചിരിക്കുന്നത്. തന്നയോ പാര്‍ട്ടിപ്രവര്‍ത്തകരെയോ അഭിഭാഷകരെയോ ഒന്ന് കാണാനോ സംസാരിക്കാനോ പോലും അനുവാദിക്കുന്നില്ല. ലാന്‍ഡ്, മൊബൈല്‍ ഫോണുകളും പ്രവര്‍ത്തന രഹിതമാണെന്നും ഇല്‍ത്തിജ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയേയും ഒമര്‍ അബ്ദുളളയേയും കരുതല്‍ തടങ്കിലാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി ക്രമസാമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നു കണക്കുകൂട്ടിയാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും താല്‍കാലിക ജയിലായ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയുമായിരുന്നു. ഇവരെകൂടാതെ 400ഓളം രാഷ്ട്രീയ പ്രവർത്തകരേയും പീപ്പ്ള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.