ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത് പേരിലുള്ള ഖാൻ കാരണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി

യുപിയിൽ കർഷക റാലിക്കിടെ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം 23കാരനായ ആര്യൻ ഖാനെ കേന്ദ്ര ഏജൻസികൾ പിടികൂടി

Update: 2021-10-11 12:17 GMT

ശ്രീനഗർ: ആഢംബര നൗകയിൽ പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് എൻസിബി പിടികൂടിയ ആര്യൻ ഖാന് പിന്തുണയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആര്യൻ ഖാൻ അറസ്റ്റിലായത് അദ്ദേഹത്തിന്റെ പേരിലുള്ള ഖാൻ എന്ന വാക്ക് കാരണമാണെന്നാണ് വനിത നേതാവിന്റെ ആരോപണം.

യുപിയിൽ കർഷക റാലിക്കിടെ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം 23കാരനായ ആര്യൻ ഖാനെ കേന്ദ്ര ഏജൻസികൾ പിടികൂടി, അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലെ ഖാൻ ആണ്, മെഹബൂബ ട്വീറ്റ് ചെയ്യുന്നു. ബിജെപി വോട്ട് ബാങ്കുകളെ സന്തോഷിപ്പിക്കുന്നതിനായി മുസ്ലിംകളെ ലക്ഷ്യം വയ്ക്കുന്നുവെന്നും അവർ ആരോപിക്കുന്നു.

ഒക്ടോബർ രണ്ടിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഢംബര കപ്പലിൽ നിന്നും എൻസിബി കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിൽ വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യുവാവ് മൊഴി നൽകിയെന്ന് റിപോർട്ടുകളുണ്ടായിരുന്നു. കോടതിയിൽ പല പ്രാവശ്യം കുടുംബം ആര്യന് വേണ്ടി ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.