മേഘാലയയില്‍ വ്യാപക അക്രമം: ആഭ്യന്തരമന്ത്രി രാജിവച്ചു; രണ്ട് ദിവസം കര്‍ഫ്യൂ, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

വിമത നേതാവ് ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂവിന്റെ മരണത്തെത്തുടര്‍ന്നാണ് മേഘാലയയില്‍ വ്യാപക സംഘര്‍ഷമുണ്ടായത്. പൊതുമുതല്‍ നശിപ്പിക്കല്‍, തീവയ്പ്പ് തുടങ്ങി നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി സംസ്ഥാനത്ത് അരങ്ങേറിയത്.

Update: 2021-08-15 18:04 GMT

ഷില്ലോങ്: സ്വാതന്ത്യദിനാഘോഷങ്ങള്‍ക്കിടെ മേഘാലയയിലുടനീളം വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറി. ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. കിഴക്കന്‍ ഖാസി ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ്, റിഭോയ് ജില്ലകള്‍ എന്നീ നാല് ജില്ലകളിലായി 48 മണിക്കൂര്‍ നേപമാണ് (ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍) ടെലികമ്മ്യൂണിക്കേഷന്‍ സേവനം നിര്‍ത്തിവച്ചത്.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. വിമത നേതാവ് ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂവിന്റെ മരണത്തെത്തുടര്‍ന്നാണ് മേഘാലയയില്‍ വ്യാപക സംഘര്‍ഷമുണ്ടായത്. പൊതുമുതല്‍ നശിപ്പിക്കല്‍, തീവയ്പ്പ് തുടങ്ങി നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി സംസ്ഥാനത്ത് അരങ്ങേറിയത്. മേഘാലയയിലെ സായുധ ഗ്രൂപ്പായ ഹൈനീട്രെപ്പ് നാഷനല്‍ ലിബറേഷന്‍ കൗണ്‍സിലിന്റെ മുന്‍ നേതാവാണ് താന്‍ക്യൂ. മേഘാലയയിലെ ഖാസി ജയന്തിയ എന്ന ആദിവാസി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സായുധ സംഘമാണ് താന്‍ക്യൂവിന്റെ നേതൃത്വത്തിലുള്ള ഹൈനീട്രെപ്പ് നാഷനല്‍ ലിബറേഷന്‍ കൗണ്‍സില്‍.

മുന്‍ വിമത നേതാവ് ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂവിന്റെ വസതിയില്‍ നിയമങ്ങള്‍ മറികടന്ന് പോലിസ് നടത്തിയ റെയ്ഡിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ഈ വിഷയത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതുകൊണ്ട് ആഭ്യന്തരവകുപ്പിന്റെ ചുമതലയില്‍നിന്ന് അടിയന്തരമായി തന്നെ നീക്കംചെയ്യണം. അത് സത്യം പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്രവും നീതിയുക്തമായ സര്‍ക്കാരിന്റെ അന്വേഷണം സുഗമമാക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷില്ലോങ്ങില്‍ ഞായറാഴ്ച കലാപകാരികള്‍ പോലിസ് വാഹനം അഗ്‌നിക്കിരയാക്കി. വാഹനത്തിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍, ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. നിരവധി സ്ഥലങ്ങളില്‍ കല്ലേറുമുണ്ടായി.

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ നിരവധി പേര്‍ ഷില്ലോങ്ങില്‍ കറുത്ത വസ്ത്രം ധരിച്ചും കരിങ്കൊടികളും ബാനറുകളുമായി തെരുവിലിറങ്ങി. താന്‍ക്യൂവിന്റെ മരണത്തിന് സര്‍ക്കാരും പോലിസുമാണ് ഉത്തരവാദികള്‍ എന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. സംസ്‌കാര ഘോഷയാത്രയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പലരും അവരുടെ വീടുകളുടെ ടെറസില്‍ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്നതും കണ്ടു. വെള്ളിയാഴ്ചയുണ്ടായ പോലിസ് നടപടിക്കിടെയാണ് മേഘാലയയിലെ സായുധ ഗ്രൂപ്പായ ഹൈനീട്രെപ്പ് നാഷനല്‍ ലിബറേഷന്‍ കൗണ്‍സിലിന്റെ മുന്‍ നേതാവ് ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂ കൊല്ലപ്പെട്ടത്.

ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എന്നാല്‍, ഇത് പോലിസ് കെട്ടച്ചമച്ച കഥയാണെന്നാരോപിച്ച് ബന്ധുക്കളും സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി. പോലിസ് നടത്തിയ രക്തരൂക്ഷിത കൊലപാതകമാണിതെന്ന് കുടുംബം ആരോപിച്ചു. റെയ്ഡിനിടെ കത്തികൊണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് താന്‍ക്യൂവിനെ വെടിവയ്‌ക്കേണ്ടിവന്നതെന്നാണ് പോലിസ് പറയുന്നത്. മേഘാലയയിലെ ലൈത്തുംഗ്രയില്‍ നടന്ന സ്‌ഫോടനത്തില്‍ താന്‍ക്യൂവിന് പങ്കുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തിയത്.

Tags: