200 പള്ളികള്‍ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് അലങ്കരിച്ചു; അറബിക് കാലിഗ്രാഫിയില്‍ ശ്രദ്ധേയനായി അനില്‍കുമാര്‍

Update: 2021-07-27 06:45 GMT

ഹൈദരാബാദ്: അറബിക് കാലിഗ്രാഫിയില്‍ ശ്രദ്ധേയനായി ബൈദരാബാദ് സ്വദേശി അനില്‍ കുമാര്‍ ചൗഹാന്‍. ഹൈദരാബാദില്‍ സൂചനാ ബോര്‍ഡുകളും മറ്റും പെയിന്റ് ചെയ്തിരുന്ന അനില്‍ കുമാര്‍ പിന്നീട് അറബിക് കാലിഗ്രാഫിയില്‍ പ്രാവീണ്യം നേടുകയായിരുന്നു. ഹൈദരാബാദിലെ മിക്ക സൂചനാ ബോര്‍ഡുകളിലും ഉറുദുവിലുള്ള എഴുത്തും അലങ്കാരങ്ങളും ചെയ്യാറുണ്ട്. ഇതില്‍ നിന്നാണ് അറബിക കാലിഗ്രാഫിയിലേക്ക് കടക്കുന്നതെന്ന് അനില്‍ കുമാര്‍ പറഞ്ഞു.


ഉറുദുവില്‍ എഴുതാന്‍ അറിയാത്തതിനാല്‍ മറ്റൊരാളുടെ സഹായത്തോടെയാണ് വരച്ച് തുടങ്ങിയത്. 20 വര്‍ഷം മുന്‍പ് വിവേക് വര്‍ധിനി കോളജില്‍ നിന്നും പെയിന്റിങില്‍ ഡിപ്ലോമ കഴിഞ്ഞ് ഇറങ്ങിയ സമയത്താണ് ആദ്യമായി ഖുര്‍ആന്‍ വചനങ്ങള്‍ എഴുതുന്നത്. പള്ളി അലങ്കരിക്കുന്നതിന്റെ ഭാഗമായി ചുവരുകളില്‍ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതാന്‍ അനില്‍ കുമാറിനെ വിളിക്കുകായയിരുന്നു. അറബിക് അറിയില്ലെങ്കിലും കാലിഗ്രാഫിയിലൂടെ അനില്‍ കുമാര്‍ സ്വയം അറബിക് വാക്കുകള്‍ പഠിച്ചെടുത്തു.ഇതോടെ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതാന്‍ നിരവധി പള്ളികളില്‍ നിന്നും അനില്‍കുമാറിനെ വിളിച്ചു.


കാലിഗ്രാഫി പഠനത്തിനിടയില്‍ അനില്‍കുമാര്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ വായിക്കാനും മനോഹരമായി പാരായണം ചെയ്യാനും പഠിച്ചു. ഇതുവരേയായി ഇരുനൂറോളം പള്ളികളാണ് ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് അലങ്കരിക്കാന്‍ കഴിഞ്ഞതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇതില്‍ നൂറോളം പള്ളികളില്‍ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. 'നിരവധി മുസ് ലിംകള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എന്നോട് ആവശ്യപ്പെടാറുണ്ട്. അവരുടെ സ്‌നേഹത്തിലും ആദരവിലും ഞാന്‍ ഏറെ സന്തുഷ്ഠനാണ്'. അനില്‍ കുമാര്‍ പറഞ്ഞു.



ജാമിഅ നിസാമിയ്യ യൂനിവേഴ്‌സിറ്റിയുടെ വരാന്തയില്‍ സ്ഥാപിച്ചിട്ടുള്ള വലിയ ബോര്‍ഡില്‍ സൂറത്ത് യാസീന്‍ എഴുതിയത് അനില്‍ കുമാര്‍ ചൗഹാനാണ്. ഇക്കാലയളവില്‍ സൂറത് യാസീന്‍, കലിമ, പ്രവാചക പിന്‍ഗാമികളുടെ(ഖലീഫ) പേരുകള്‍, ആയതുല്‍ ഖുര്‍സി, നിരവധി ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും അനില്‍ കുമാര്‍ മസ്ജിദുകള്‍ അലങ്കരിച്ചു. ഹൈദരാബാദിലും പുറത്തും നടക്കുന്ന മെഹ്ഫിലുകളില്‍ പ്രവാചകന്‍ മുഹമ്മദി(സ.അ)ന്റെ പ്രകീര്‍ത്തനങ്ങള്‍ ആലപിക്കാനും അനില്‍ കുമാറിനെ ക്ഷണിക്കാറുണ്ട്.

Tags: