ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയ തമിഴ് നടിയെ ആലപ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തു

Update: 2021-08-15 02:08 GMT

ആലപ്പുഴ: ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയ നടിയും മോഡലുമായ മീര മിഥുന്‍ അറസ്റ്റിലായി. പ്രശസ്ത യൂട്യൂബര്‍ കൂടിയായ മീരയെ ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിയാണ് ചെന്നൈ പോലിസ് അറസ്റ്റ് ചെയ്തത്. ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ദലിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് പ്രതികളെന്നും, തമിഴ് സിനിമയിലെ ദലിത് സംവിധായകരെ ബഹിഷ്‌ക്കരിക്കണമെന്നും യൂട്യൂബ് വീഡിയോയിലൂടെ മീര മിഥുന്‍ ആഹ്വാനം ചെയ്തതാണ് വിവാദമായത്. ആഗസ്ത് ഏഴിനാണ് വിവാദ വീഡിയോ യൂട്യൂബിലൂടെ പുറത്തുവന്നത്.

വീഡിയോ വൈറലായി പ്രചരിച്ചതോടെ ദലിത് സംഘടനയായ വിടുതലൈ ശിറുതൈകള്‍ നേതാവ് വണ്ണിയരസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടി അറസ്റ്റ് ചെയ്തത്. എസ്‌സി/എസ് ടി നിയമം ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ നടിക്കെതിരെ ചുമത്തിയതായി ചെന്നൈ സിറ്റി സൈബര്‍ ക്രൈം പോലിസ് അറിയിച്ചു.

പോലിസ് കേസെടുത്തതിന് പിന്നാലെ നടിയെ ചെന്നൈയിലെ വീട്ടില്‍നിന്ന് കാണാതാകുകയായിരുന്നു. പോലിസിന് തന്നെ പിടികൂടാനാകില്ലെന്ന വെല്ലുവിളിയും ഇതിനിടെ മീര മിഥുന്‍ നടത്തിയിരുന്നു. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടിയെ ചെന്നൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊട്ടിക്കരയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

താനെ സേര്‍ന്ത കൂട്ടം ഉള്‍പ്പടെ ഏതാനും തമിഴ് സിനിമകളില്‍ അഭനയിച്ച മീര മിഥുന്‍ തമിഴ് ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ഥിയായിരുന്നു.

Tags:    

Similar News