ഹിപ്പോക്രാറ്റസിന്റേതിനു പകരം 'ചരക് ശപഥ്': മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിജ്ഞയിലും കാവിവല്‍ക്കരണം
ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം 'ചരക് ശപഥ്' എന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.
ന്യൂഡല്‍ഹി: ഗ്രീക്ക് ഫിസിഷ്യന്‍ ഹിപ്പോക്രാറ്റസിന്റെ പേര് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പരമ്പരാഗത പ്രതിജ്ഞകളില്‍ നിന്ന് ഉടന്‍ അപ്രത്യക്ഷമായേക്കും. പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ പ്രകാരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിജ്ഞയില്‍ മാറ്റം വരുത്താന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍(എന്‍എംസി) തീരുമാനിച്ചു.
പുരാതന ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ രണ്ട് അടിസ്ഥാന സംസ്‌കൃത ഗ്രന്ഥങ്ങളിലൊന്നായ ചരക സംഹിതയില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രതിജ്ഞയായ 'ചരക് ശപഥ്' ഉപയോഗിച്ച് ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം വയ്ക്കാന്‍ എന്‍എംസി നിര്‍ദേശിച്ചു.
ഡോക്ടര്‍മാര്‍ അവരുടെ 'വൈറ്റ് കോട്ട് ചടങ്ങില്‍' ആണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെടുക്കുന്നത്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയനുസരിച്ച്, രോഗികളെ സേവിക്കുമ്പോള്‍ മെഡിക്കല്‍ നൈതികത പാലിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്.
ഫെബ്രുവരി 14 മുതല്‍ എംബിബിഎസ് കോഴ്‌സ് ആരംഭിക്കാനിരിക്കെ, രാജ്യത്തെമ്പാടുമുള്ള മെഡിക്കല്‍ കോളജുകളുടെ പ്രതിനിധികളുമായി എന്‍എംസി അടുത്തിടെ ഒരു യോഗം നടത്തിയിരുന്നു. ഈ യോഗത്തിന്റെ മിനിറ്റ്‌സ് അനുസരിച്ച്, ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരമായി 'ചരക് ശപഥ്' നടത്തുവാനാണ് എന്‍എംസി നിര്‍ദേശിച്ചിരിക്കുന്നത്.
മറ്റൊരു പുരുഷന്‍ സ്ത്രീയെ അനുഗമിക്കുന്നില്ലെങ്കില്‍ ഒരു പുരുഷ വൈദ്യന് ഒരു സ്ത്രീയെ ചികില്‍സിക്കാന്‍ കഴിയില്ല എന്നതാണ് ചരക ശപഥിലെ വാചകങ്ങളിലൊന്ന്. ഒരു പുരുഷ ഡോക്ടര്‍ സ്ത്രീയെ ചികില്‍സിക്കുമ്പോള്‍ ഒരു സ്ത്രീ ആരോഗ്യ പരിപാലന ദാതാവിന്റെ സാന്നിധ്യം ഇന്ത്യയിലെ മാനദണ്ഡമാണെങ്കിലും ഹിപ്പോക്രാറ്റിക് പ്രതിജ്ഞ അത്തരം കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല.
'ചരക്' നമ്മുടെ മാതൃരാജ്യത്തിന്റേതാണ് പ്രാദേശിക ഭാഷകളിലും സംസ്‌കൃതത്തിലും വൈറ്റ് കോട്ട് ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തും. ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാര്‍ 10 ദിവസത്തെ യോഗ പരിശീലനത്തിന് വിധേയരാകേണ്ടിവരുമെന്നും യോഗത്തിന്റെ മിനിറ്റ്‌സ് നിര്‍ദേശിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തിന് 200 വര്‍ഷത്തിലധികം ചരിത്രമില്ല, വൈദ്യശാസ്ത്രത്തില്‍ സമ്പന്നമായ ഒരു ഭൂതകാലമുള്ള നമുക്ക് എന്തിനാണ് ഗ്രീക്ക് വൈദ്യന്റെ പേരില്‍ ഡോക്ടര്‍മാരെ സത്യപ്രതിജ്ഞ ചെയ്യുന്നത് തുടരേണ്ടതെന്ന് പേര് വെളിപ്പെടുത്താതെ എന്‍എംസി അംഗം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞെന്ന് അവര്‍ റിപോര്‍ട്ട് ചെയ്യുന്നു.
എന്‍എംസിയുടെ നിര്‍ദേശത്തോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനില്‍ക്കാനും ധാര്‍മ്മികത പുലര്‍ത്താനും ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടാല്‍ 'ചരക് ശപഥ്്' സംബന്ധിച്ച് തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഐഎംഎ സെക്രട്ടറി ജയേഷ് ലെലെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം 'ചരക് ശപഥ്' എന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ ആയുര്‍വേദത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്റെയും പിതാവിന്റെ പ്രതിജ്ഞയെടുക്കുന്നു എന്ന് അര്‍ത്ഥമാക്കിയാല്‍ മതിയെന്നും 2017 മുതല്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ആര്‍എസ്എസ് മെഡിക്കല്‍ വിഭാഗം ജനറല്‍ സെക്രട്ടറി പ്രശാന്ത് ചൗധരി പറഞ്ഞു.

