മീഡിയ വൺ: സിംഗിൾ ബഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് എംപിമാരും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും
ഏത് ജനാധിപത്യത്തിന്റെയും ആരോഗ്യത്തിന് മാധ്യമസ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. ഔദ്യോഗിക വിവരണത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന വിമർശന ശബ്ദങ്ങളെയും ടെലിവിഷൻ വാർത്താ ചാനലുകളെയും നിയന്ത്രിക്കാൻ അധികാരം ദുരുപയോഗം ചെയ്യാൻ കേന്ദ്രസർക്കാരിനെ അനുവദിക്കരുത്
ന്യൂഡൽഹി: മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണ ലൈസൻസ് ആഭ്യന്തരമന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദേശത്തെത്തുടർന്ന് റദ്ദാക്കിയ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം (എംഐബി) നടപടി ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരേ സംയുക്ത പ്രസ്താവനയുമായി എംപിമാരും മറ്റ് പ്രമുഖ വ്യക്തികളും.
"മീഡിയവൺ ന്യൂസിന്റെ ലൈസൻസ് എംഐബിയും എംഎച്ച്‌എയും റദ്ദാക്കിയത് അസാധുവാക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം സംരക്ഷിക്കാനും വിസമ്മതിച്ച" സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തിൽ "അങ്ങേയറ്റം നിരാശരാണ്" എന്ന് പ്രസ്താവനയിൽ പറയുന്നു. കോടതിയുടെ തീരുമാനം "ആഭ്യന്തര മന്ത്രാലയം നൽകിയ 'സീൽ ചെയ്ത കവർ' അടിസ്ഥാനമാക്കിയുള്ളതാണ്," എന്നും അതിന്റെ ഉള്ളടക്കങ്ങൾ മീഡിയവണുമായി പങ്കിട്ടിട്ടില്ല" എന്നും പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയിൽ ഒപ്പിട്ടവരിൽ എംപിമാരും ദിഗ് വിജയ് സിങ് (കോൺഗ്രസ്), മഹുവ മൊയ്ത്ര (ടിഎംസി), കനിമൊഴി (ഡിഎംകെ), മനോജ് കുമാർ ഝാ (ആർജെഡി), പ്രിയങ്ക ചതുർവേദി (ശിവസേന), എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഇ ടി മുഹമ്മദ് ബഷീർ (ഐയുഎംഎൽ), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), ബദറുദ്ദീൻ അജ്മൽ (എഐയുഡിഎഫ്), ജോൺ ബ്രിട്ടാസ് (സിപിഎം) എന്നിവരും ഉൾപ്പെടുന്നു.
സുപ്രിംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, കോളിൻ ഗോൺസാൽവസ്, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ബിജി കൊൽസെ പാട്ടീൽ എന്നിവരും മാധ്യമപ്രവർത്തകർ, എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് നേതാക്കൾ എന്നിവരും പ്രസ്താവനയിൽ ഒപ്പുവച്ചു.
"ഇത് സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഏത് വിധിനിർണ്ണയ പ്രക്രിയയിലും, പ്രത്യേകിച്ച് മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ, തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളുമായും ഭൗതിക തെളിവുകൾ പങ്കുവെക്കണമെന്ന് നിർബന്ധമാക്കുന്നു. വിധിന്യായത്തിന് പിന്നിലെ കാരണങ്ങൾ നൽകാതെ ഒരു ഭരണഘടനാ കോടതി എന്ന നിലയിൽ അതിന്റെ ബാധ്യത നിറവേറ്റുന്നതിൽ കോടതി പരാജയപ്പെട്ടു. പകരം ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് അവർ ആവർത്തിച്ചു," പ്രസ്താവനയിൽ പറയുന്നു
"ഏത് ജനാധിപത്യത്തിന്റെയും ആരോഗ്യത്തിന് മാധ്യമസ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. ഔദ്യോഗിക വിവരണത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന വിമർശന ശബ്ദങ്ങളെയും ടെലിവിഷൻ വാർത്താ ചാനലുകളെയും നിയന്ത്രിക്കാൻ അധികാരം ദുരുപയോഗം ചെയ്യാൻ കേന്ദ്രസർക്കാരിനെ അനുവദിക്കരുത്," പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞയാഴ്ച സിംഗിൾ ജഡ്ജി ബെഞ്ചിന്റെ ഉത്തരവിന് ശേഷം മീഡിയവൺ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഡിവിഷൻ ബഞ്ച് ഈ ആഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

