മീഡിയവണ്‍ വിലക്ക്: ഐടി സമിതി വിശദീകരണം തേടി

Update: 2022-02-02 07:23 GMT

ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പാര്‍ലമെന്റ് ഐടി സമിതി വിശദീകരണം തേടി. കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. സമിതി അധ്യക്ഷന്‍ ശശി തരൂരിന്റേതാണ് നടപടി. നേരത്തെ വിലക്കില്‍ പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.

മുസ്‌ലിം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍, സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ മൂടികെട്ടാന്‍ പലവിധത്തിലുള്ള തെറ്റായ നടപടികള്‍ എടുക്കുകയാണെന്നും ഈ നടപടികള്‍ അത്യധികം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും എം.പിമാര്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.

ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനുള്ള ഉത്തരവ് ഇടുന്നതിന് മുന്‍പ് ചാനലിന്റെ ഭാഗം കേള്‍ക്കാനുള്ള സന്മനസ്സ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചില്ല. ഇത് സ്വഭാവിക നീതിയുടെ കൂടി ലംഘനമാണ്. മാധ്യമങ്ങള്‍ക്ക് നേരെയുള്ള അതിക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായായി വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.

മീഡിയവണ്‍ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കി. മീഡിയവണ്‍ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ നിവേദനം നല്‍കിയത്.

Tags: