ഹാഥ്‌റസ്: ഇരയുടെ കുടുംബത്തെ ഗ്രാമത്തില്‍നിന്ന് പുറത്താക്കാന്‍ ഗൂഢാലോചനയെന്ന് മേധാ പട്കര്‍

പ്രതികളായ നാലു പേരുടെ നിയമപരമായ ചെലവുകള്‍ക്കായി നാലു ബിഗാസ് ഭൂമി വില്‍ക്കാനും ഇരയുടെ കുടുംബത്തെ ഉടന്‍ ഗ്രാമത്തില്‍ നിന്ന് ഓടിക്കാനും തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞതായി മാഹാരാഷ്ട്രയിലെ നന്ദൂര്‍ബാറില്‍ നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ മേധാപട്കര്‍ ആരോപിച്ചു.

Update: 2020-10-22 19:56 GMT

മുംബൈ: ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ദലിത് കൗമാരക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ നിയമപരമായ ചെലവുകള്‍ക്കായി ഭൂമി വില്‍ക്കാനും ഇരയുടെ കുടുംബത്തെ ഗ്രാമത്തില്‍നിന്ന് ആട്ടിപ്പുറത്താക്കാനും പ്രതികളെ പിന്തുണയ്ക്കുന്നവര്‍ തീരുമാനിച്ചതായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. പ്രതികളായ നാലു പേരുടെ നിയമപരമായ ചെലവുകള്‍ക്കായി നാലു ബിഗാസ് ഭൂമി വില്‍ക്കാനും ഇരയുടെ കുടുംബത്തെ ഉടന്‍ ഗ്രാമത്തില്‍ നിന്ന് ഓടിക്കാനും തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞതായി മാഹാരാഷ്ട്രയിലെ നന്ദൂര്‍ബാറില്‍ നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ മേധാപട്കര്‍ ആരോപിച്ചു.

ഹാഥ്‌റസ് സന്ദര്‍ശിച്ച നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് (എന്‍എപിഎം) വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും അവര്‍ പുറത്തുവിട്ടു. പ്രതികളായ സന്ദീപ് സിങ്, ലവ്കുഷ്‌കുമാര്‍ സിങ്, രാമു സിങ്, രവി കുമാര്‍ സിങ് എന്നിവരുടെ ജാതിയില്‍പെട്ടവര്‍ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്താക്കാന്‍ സ്വരൂപിച്ച പണം ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചതായി യുവതിയുടെ പിതാവ് ഗ്രാമത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് സുരക്ഷ സര്‍ക്കാര്‍ പിന്‍വലിക്കുമ്പോള്‍ തങ്ങളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് അവര്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. അവര്‍ പറയുന്നത് അവര്‍ ചെയ്യുമെന്ന് തങ്ങള്‍ക്കറിയാം. ഡല്‍ഹിയില്‍ തങ്ങള്‍ സുരക്ഷിതരായി താമസിക്കാന്‍ സൗകര്യം ചെയ്യണമെന്ന് തങ്ങള്‍ കേന്ദ്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നതായും പിതാവ് പറഞ്ഞു. "Brutal gang rape, assault, and murder of a 19-year-old Dalit girl by upper caste Thakur men" എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സെപ്റ്റംബര്‍ 14 ന് നടന്ന കുറ്റകൃത്യത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് വിവരിക്കുന്നു.

പട്കറിനു പുറമെ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ മണിമാള, സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) നേതാവ് സന്ധീപ് പാണ്ഡെ, സുപ്രിം കോടതി അഭിഭാഷകന്‍ ഇഹ്തഷാം ഹാഷ്മി, എന്‍എപിഎം പ്രവര്‍ത്തകന്‍ ഫൈസല്‍ ഖാന്‍, ഡല്‍ഹി സോളിഡാരിറ്റി സംഘത്തിലെ ജോ അതിയാലി, അമിത് കുമാര്‍, നര്‍മദ ബച്ചാവോ ആന്ദോളനിലെ ഹന്‍സ്‌രാജ്, വിദ്യാര്‍ഥിയായ ആനന്ദ് അത്യാലി എന്നിവര്‍ ഒക്ടോബര്‍ 9ന് ഹാഥ്‌റസ് സന്ദര്‍ശിച്ച് ഇരയുടെ കുടുംബത്തെയും ബന്ധുക്കളെയും സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

Tags: