സച്ചാര്‍-പാലൊളി ശുപാര്‍ശകളും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുംനടപ്പിലാക്കാന്‍ അടിയന്തിര നടപടി വേണം: മെക്ക

ജസ്റ്റീസ് കോശി കമ്മീഷന്‍ മാതൃകയില്‍, മുസ്‌ലിം പിന്നോക്കാവസ്ഥ പഠിക്കുവാന്‍ അടിയന്തിരമായി ഒരു കമ്മീഷനെ നിയമിക്കണമെന്നും മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Update: 2021-06-23 08:11 GMT

കൊച്ചി: നരേന്ദ്രന്‍ കമ്മീഷന്‍-സച്ചാര്‍-പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ അടിയന്തിര നടപടികളുണ്ടാവണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ സര്‍ക്കരിനോടാവശ്യപ്പെട്ടു.സച്ചാര്‍-പാലൊളി കമ്മറ്റി ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും കേരളത്തില്‍ എത്രമാത്രം നടപ്പിലാക്കിയെന്നും, സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച 2006ന് ശേഷമുള്ള പതിനഞ്ച് വര്‍ഷക്കാലയളവിലെ കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ-ഉദ്യോഗ-തൊഴില്‍ മേഖല, ക്ഷേമവികസന പുരോഗതി തുടങ്ങിയവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജസ്റ്റീസ് കോശി കമ്മീഷന്‍ മാതൃകയില്‍, മുസ്‌ലിം പിന്നോക്കാവസ്ഥ പഠിക്കുവാന്‍ അടിയന്തിരമായി ഒരു കമ്മീഷനെ നിയമിക്കണമെന്നും മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

2001 നവംബറില്‍ സമര്‍പ്പിക്കപ്പെട്ട ജസ്റ്റീസ് കെ.കെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വ്വീസിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക നിയമനം നടത്തുവാന്‍ ആവശ്യമായ നിയമനചട്ടം ഭേദഗതി ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്നും മെക്ക ആവശ്യപ്പെട്ടു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 01.08.2000ല്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹതപ്പെട്ട സംവരണ തോത് പോലും തികഞ്ഞിട്ടില്ലെന്നും 7,383 തസ്തികളില്‍കൂടി നിയമനം നടത്തിയാല്‍ മാത്രമേ സംവരണ വിഹിതം പോലും ഉറപ്പുവരുത്തുവാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള അഞ്ചേകാല്‍ ലക്ഷം ജീവനക്കാരില്‍ നാല്‍പതിനായിരം മുസ്‌ലിം ജീവനക്കാര്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. 20 വര്‍ഷം കഴിയുമ്പോള്‍, 2021ലും മുപ്പത്തെണ്ണായിരത്തിനടുത്ത് മുസ്‌ലിം ജീവനക്കാര്‍ മാത്രമേ ഉള്ളു. മെറിറ്റിലും സംവരണത്തിലും നിയമിക്കപ്പെട്ട മുസ്‌ലിം ജീവനക്കാരുടെ മൊത്തം പ്രാതിനിധ്യമാണിത്.

വിദ്യാഭ്യാസ പ്രവേശനത്തിനുള്ള എസ്ഇബിസി. സംവരണം 40 ശതമാനം ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിന് ഏര്‍പ്പെടുത്തി മുസ്‌ലിം പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള നിരക്കുകള്‍ ഏകീകരിക്കണം. എല്ലാ പിന്നോക്കവിഭാഗങ്ങള്‍ക്കും എല്ലാ കോഴ്‌സുകള്‍ക്കുമുളള സംവരണ നിരക്ക് ജനസംഖ്യാനുപാതികമായി വിഹിതം നിശ്ചയിക്കണം. ഇക്കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോശി കമ്മീഷന് അനുവദിച്ചിട്ടുള്ള 09.02.2022 വരെയുള്ള അതേ സമയപരിധി, നിര്‍ദ്ദിഷ്ട കമ്മീഷനും നല്‍കുവാനും സര്‍ക്കാര്‍ തീരുമാനമെടുക്കണം.കേരളത്തില്‍ നിലവിലുള്ള 28 ശതമാനത്തിലധികം വരുന്ന മുസ്‌ലിംകളില്‍ ജെ.ബി.കോശി കമ്മീഷനംഗങ്ങളുടെയും ചെയര്‍മാന്റേയും സമാന യോഗ്യതയും പദവിയും അലങ്കരിച്ചിരുന്നവര്‍ മുസ്‌ലിം സമുദായത്തില്‍ ഇല്ല. കേരള മുസ്‌ലിംകളിലെ ഈ ദാരുണമായ പിന്നോക്കാവസ്ഥയുടെ മകുടോദാഹരണമാണിത്.

ഒരു ക്യാബിനറ്റ് സെക്രട്ടറി , ചീഫ് സെക്രട്ടറി റാങ്കിലുള്ള റിട്ടയര്‍ ചെയ്ത ഒരു ഐഎഎസ്. ഉദ്യോഗസ്ഥനോ ക്രമസാധാന ചുമതല വഹിച്ചിരുന്ന ഒരു ഡിജിപിയോ മുസ്‌ലിംകളില്‍നിന്നും കേരളത്തില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരമൊരു കമ്മീഷനെ നിയമിക്കാന്‍ യോഗ്യരെ തേടിപ്പിടിക്കാന്‍പോലും സര്‍ക്കാരിന് സാധ്യമാവില്ലായെന്നും പ്രഥമദൃഷ്ട്യാ സര്‍ക്കാരിന് ബോധ്യപ്പെടും. അപ്രകാരം നിയമിക്കപ്പെടുന്ന രണ്ടു കമ്മീഷനുകളുടെയും റിപ്പോര്‍ട്ട് ഒന്നിച്ച് സര്‍ക്കാര്‍ പരിഗണിക്കണം. അതിനുശേഷം ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഹൈക്കോടതി വിധിയനുസരിച്ച് ജനസംഖ്യാനുപാതികമായി വിഹിതം നിശ്ചയിച്ച് സമഗ്ര ന്യൂനപക്ഷ ക്ഷേമവികസന പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും മെക്ക ആവശ്യപ്പെട്ടു.

പ്രസിഡന്റ് പ്രൊഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എം എ ലത്തീഫ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഖജാന്‍ജി സി ബി കുഞ്ഞുമുഹമ്മദ്,കെ എം അബ്ദുല്‍ കരീം വിവിധ വിഷയങ്ങള്‍ വിശദീകരിച്ചു. സമകാലിക ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ഡോ. പി നസീര്‍ അവതരിപ്പിച്ചു. എ എസ് എ റസാഖ്, സി.എച്ച്.ഹംസ മാസ്റ്റര്‍, എന്‍ സി ഫാറൂഖ് എഞ്ചിനീയര്‍, ടി എസ് അസീസ്, എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന, എം അബ്‌നിസ്, സി ടി കുഞ്ഞയമു, എ ഐ മുബീന്‍, എം എം നൂറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News