മാഡ്രിഡ്: ആന്റിവൈറസ് സോഫ്റ്റ് വെയറായ മക്അഫിയുടെ സ്ഥാപകന്‍ ജോണ്‍ മക്അഫിയെ സ്‌പെയിനിലെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് സംഭവത്തില്‍ അമേരിക്കയ്ക്കു കൈമാറാന്‍ സ്പാനിഷ് കോടതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മരണം. ബാഴ്‌സലോണയ്ക്കടുത്തുള്ള ബ്രയന്‍സ് 2 പെനിറ്റന്‍ഷ്യറിയിലെ ജയിലിലാണ് 75 കാരന്‍ മരിച്ചത്. ആത്മഹത്യയാണെന്നാണു സംശയിക്കുന്നതായി വടക്കുകിഴക്കന്‍ കാറ്റലോണിയ മേഖലയിലെ ജയില്‍ വക്താവ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയില്ല.
ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെ 2020 ഒക്ടോബറിലാണ് ബാഴ്‌സലോണ വിമാനത്താവളത്തില്‍ നിന്ന് ജോണ്‍ മക്അഫി അറസ്റ്റിലായത്. കണ്‍സള്‍ട്ടിങ് ജോലികള്‍, ക്രിപ്‌റ്റോ കറന്‍സികള്‍ തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് വരുമാനം നേടിയിട്ടും 2014 നും 2018 നും ഇടയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 30 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും. ഇദ്ദേഹത്തെ അമേരിക്കയ്ക്കു കൈമാറാന്‍ സ്‌പെയിനിലെ ദേശീയ കോടതി ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. തീരുമാനത്തിന് അപ്പീല്‍ നല്‍കുകയും കൈമാറ്റത്തിന് സ്പാനിഷ് മന്ത്രിസഭയുടെ അനുമതിയും ആവശ്യമായിരുന്നു.
നാല് വര്‍ഷത്തിനുള്ളില്‍ മക്അഫി 10 ദശലക്ഷം യൂറോയില്‍(12 മില്യണ്‍ ഡോളര്‍) സമ്പാദിച്ചെവങ്കിലും ഒരിക്കലും നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നാമ് നവംബറില്‍ യുഎസ് സമര്‍പ്പിച്ച കൈമാറല്‍ അഭ്യര്‍ത്ഥനയില്‍ ആരോപിക്കുന്നത്. 1980 കളില്‍ ആന്റിവൈറസ് സോഫ്റ്റ് വെയറിലൂടെ രംഗത്തെത്തിയ ജോണ്‍ മക്അഫി സ്വയം രൂപകല്‍പ്പന ചെയ്ത ക്രിപ്‌റ്റോ കറന്‍സിയിലൂടെ പ്രതിദിനം 2,000 ഡോളര്‍ സമ്പാദിച്ചിരുന്നെന്നാണ് ആവകാശവാദം. ട്വിറ്ററില്‍ ഇദ്ദേഹത്തിന് ഒരു ദശലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്.
McAfee Founder Found Dead In Prison
