പഠിക്കാന്‍ 'മതം' വേണ്ട, ജോലിക്ക് 'മതം' വേണം; ഭാര്യയുടെ വിവാദ നിയമനത്തില്‍ എം ബി രാജേഷിനെതിരേ പരിഹാസ്യവര്‍ഷം

ഒരു ഭാഗത്ത് മതത്തെ തള്ളിപ്പറയുകയും വ്യക്തിഗത നേട്ടത്തിനു വേണ്ടി മതത്തെ കൂട്ടുപിടിക്കുകയും ചെയ്തതാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം.

Update: 2021-02-04 12:02 GMT

കോഴിക്കോട്: സിപിഎം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംവരണം അട്ടിമറിച്ച് സംസ്‌കൃത സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനം നല്‍കിയത് വിവാദമായതിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയരുന്നു. ഉയര്‍ന്ന യോഗ്യതയുള്ള നിരവധിപേരെ മറികടന്ന് സിപിഎം നേതാവിന്റെ ഭാര്യയെ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിച്ചു എന്ന ആക്ഷേപത്തിനു പുറമെ, മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പോലും അപേക്ഷാ ഫോറത്തില്‍ മതം എന്ന കോളം ഒഴിച്ചിട്ടതായി പരസ്യമാക്കിയ എം ബി രാജേഷ്, ഭാര്യയ്ക്കു ജോലി കിട്ടാന്‍ വേണ്ടി മതത്തെ ഉപയോഗിച്ചെന്നാണ് പരിഹാസ്യമുയരുന്നത്.

    സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗം അസി. പ്രഫസറായി നിയമനം നല്‍കിയത്. സര്‍ക്കാര്‍ കോളജുകളിലെ അസി. പ്രഫസര്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിനിതയ്ക്കു 21ാം റാങ്കാണ് ലഭിച്ചിരുന്നത്. ഇതേ റാങ്ക് പട്ടികയില്‍ ഉന്നത റാങ്ക് നേടുകയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കി നിയമനം നല്‍കിയത്. അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യാപന പരിചയമുള്ളവരെയെല്ലാം ഒഴിവാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്നാണ് ആരോപണം. ഇടത് അധ്യാപക യൂനിയനായ കെഎസ്ടിഎയുടെ നേതാവായിരുന്ന റഷീദ് കണിച്ചേരിയുടെ മകളാണ് എസ് എഫ്‌ഐ നേതാവായിരുന്ന നിനിതാ കണിച്ചേരി.

    എന്നാല്‍, ഒരു ഭാഗത്ത് മതത്തെ തള്ളിപ്പറയുകയും വ്യക്തിഗത നേട്ടത്തിനു വേണ്ടി മതത്തെ കൂട്ടുപിടിക്കുകയും ചെയ്തതാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. 2017 ജൂണ്‍ ഒന്നിനു തന്റെ മക്കളെ സ്‌കൂളില്‍ ചേര്‍ത്തതു സംബന്ധിച്ച് എം ബി രാജേഷ് ഫേസ് ബുക്കിലിട്ട പോസ്റ്റും ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തെ കുറിച്ചു പറയുന്നതിന്റെ അവസാനമായി ഒരു കാര്യം പ്രത്യേകം ചേര്‍ക്കട്ടെ എന്നു പറഞ്ഞ് ജാതിയും മതവും ചോദിക്കുന്ന കോളത്തിനു നേരെ ഇല്ല എന്നാണ് രേഖപ്പെടുത്തിയതെന്നും കുറിച്ചിരുന്നു. ഇതേ രാജേഷാണ് തന്റെ ഭാര്യയുടെ നിയമനത്തിനു വേണ്ടി മുസ് ലിം സംവരണത്തെ ദുരുപയോഗം ചെയ്തതെന്നാണ് വിമര്‍ശനം. ഏതായാലും സിപിഎമ്മിലെ യുവ നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ചട്ടങ്ങളെല്ലാം മറികടന്ന് നിയമനം നല്‍കിയത് നേരത്തെയും വിവാദമായിരുന്നു. എ എന്‍ ശംസീറിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

MB Rajesh in controversial appointment of wife


Tags:    

Similar News