ദലിത്, ഒബിസി വിഭാഗങ്ങള്‍ ബിജെപിയെ പിന്തുണച്ചു, മുസ്‌ലിംകള്‍ കൂട്ടത്തോടെ എസ്പിക്ക് വോട്ടുചെയ്തു; യുപിയിലെ കനത്ത തോല്‍വിയെക്കുറിച്ച് മായാവതി

Update: 2022-03-11 10:56 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്കുണ്ടായ വമ്പന്‍ പരാജയത്തില്‍ ദലിത്, ഒബിസി, മുസ്‌ലിം വിഭാഗങ്ങളെയും മാധ്യമങ്ങളെയും പഴിചാരി അധ്യക്ഷ മായാവതി രംഗത്ത്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മായാവതി രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു. ബിഎസ്പി ബിജെപിയുടെ ബി ടീം ആണെന്ന പ്രചാരണമാണ് തോല്‍വിക്ക് കാരണമായത്. 2007 ല്‍ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കു അധികാരം പിടിച്ച ബിഎസ്പിക്ക് ഇത്തവണ ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. വോട്ട് ഷെയര്‍ വെറും 12.88 ശതമാനവും. സംസ്ഥാനമൊട്ടാകെയുള്ള പ്രതികരണങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്കുണ്ടായ അപ്രതീക്ഷിത ഫലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഭ്രാന്തരാവേണ്ടതില്ല. എന്നാല്‍, പരാജയത്തിന്റെ യഥാര്‍ഥ കാരണം അവര്‍ പഠിക്കണം. ജാതീയത പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ഹീനമായ കുതന്ത്രങ്ങളിലൂടെയും നിഷേധാത്മക പ്രചാരണങ്ങളിലൂടെയും മുസ്‌ലിംകളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലിയൊരളവില്‍ വിജയിച്ചു. ബിഎസ്പി ബിജെപിയുടെ ബി ടീമാണെന്നും എസ്പിയെപ്പോലെ ശക്തമായി കാവി പാര്‍ട്ടിക്കെതിരെ പോരാടുന്നില്ലെന്നും അവര്‍ ധാരണ സൃഷ്ടിച്ചു. സത്യം ഇതിന്റെ നേര്‍വിപരീതമാണെന്നും മായാവതി പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയുടെ ജംഗിള്‍ രാജ് തിരിച്ചുവരുമെന്ന് ഭയന്നാണ് ദലിതര്‍ പോലും ബിജെപിക്ക് വോട്ടുചെയ്തു. 'സ്പി വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനം പഴയ ജംഗിള്‍ രാജിലേക്കും ഗുണ്ടാരാജിലേക്കും വലിച്ചെറിയപ്പെടുമെന്ന ഭയം ബിഎസ്പിയുടെ അനുയായികള്‍ക്കുണ്ടായി. ഒബിസി സമുദായങ്ങളില്‍നിന്നുള്ളവരും മേല്‍ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്ക്കുന്നത്. അവര്‍ എസ്പി അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്തു. എസ്പിയെ പിന്തുണച്ച മുസ്‌ലികളെയും മായാവതി കുറ്റപ്പെടുത്തി.

'ബിജെപിയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകള്‍ എസ്പിയെ വിശ്വസിച്ചു. ഇത് ഞങ്ങളെ ബാധിച്ചു. അവരെ വിശ്വസിച്ചതില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിച്ചു. ഈ അനുഭവം ഞങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും അതിനനുസരിച്ച് മാറുകയും ചെയ്യും'- മായാവതി പറഞ്ഞു. മുസ്‌ലിംകള്‍ കൂട്ടത്തോടെ എസ്പിക്ക് വോട്ടുചെയ്തു. മുസ്‌ലിംകള്‍ പിന്തുണച്ചിരുന്നെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നുവെന്ന് മായാവതി പറഞ്ഞു. മുസ്‌ലിംകളുടെയും ദലിതുകളുടെയും വോട്ടുകള്‍ ഒന്നിച്ചിരുന്നെങ്കില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ചെയ്തത് ആവര്‍ത്തിക്കാമായിരുന്നു. പ്രതീക്ഷിച്ചതുപോലെ ത്രികോണ പോരാട്ടം നടന്നിരുന്നെങ്കില്‍ ബിഎസ്പിക്ക് തികച്ചും വ്യത്യസ്തമായ പ്രകടനം കാഴ്ചവയ്ക്കാമായിരുന്നു.

ബിജെപിയെ തടയാന്‍ കഴിയുമായിരുന്നു. ആക്രമണോത്സുകമായ മുസ്‌ലിം വിരുദ്ധ പ്രചാരണമാണ് ബിജെപി നടത്തിയത്. മാധ്യമങ്ങള്‍ തങ്ങളെ നിരന്തരം തെറ്റായി ചിത്രീകരിച്ചു. മാധ്യമങ്ങള്‍ കൃത്രിമമായ സര്‍വേകള്‍ പുറത്തുവിട്ടു. ബിജെപിയെ എതിര്‍ക്കുന്ന ഹിന്ദുക്കളും ഇക്കാരണത്താല്‍ ബിഎസ്പിയിലേക്ക് വന്നില്ല. യുപി തിരഞ്ഞെടുപ്പ് ഫലം ബിഎസ്പിയുടെ പ്രതീക്ഷകള്‍ക്കൊത്തുവന്നില്ല. അതില്‍ നാം തളരരുത്. പകരം, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ആത്മപരിശോധന നടത്തി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോവണം, വീണ്ടും അധികാരത്തില്‍ വരണം. ദരിദ്രരുടെയും നിസ്സഹായരുടെയും അസന്തുഷ്ടരുടെയും ദുര്‍ബ്ബലരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമം ഉറപ്പാക്കാന്‍ ഭാവിയില്‍ വീണ്ടും അധികാരത്തില്‍ വരാമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടായി അവര്‍ പറഞ്ഞു.

Tags: