മതവിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന അപകടകരമായ ഈ കളി എന്ന് വരെ ?: മൗലാനാ സയ്യിദ് അര്‍ഷദ് മദനി

Update: 2022-02-28 10:25 GMT

ന്യൂഡല്‍ഹി: മതത്തെ സ്‌നേഹിക്കുന്ന എല്ലാവരും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന എല്ലാവരെയും സര്‍വമേഖലയിലും എതിര്‍ക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യേണ്ടതാണെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി. ഇന്ന് രാജ്യത്ത് മുഴുവന്‍ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും വര്‍ഗീയതയുടെയും അടിസ്ഥാന കാരണം ഭൂരിഭാഗം രാഷ്ട്രീയക്കാരും ഇതിനെ ഉപയോഗിക്കുന്നു എന്നുള്ളതാണ്. എളുപ്പത്തില്‍ ഭരണം കിട്ടാനായി ഓരോരുത്തരും വര്‍ഗീയത കളിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ മറ്റു ചിലര്‍ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. വര്‍ഗീയതയും ഭയപ്പെടുത്തലും കൊണ്ട് ഒരു അധികാരവും നിലനില്‍ക്കുന്നതല്ല.

ശരിയായ ഭരണം നിലനില്‍ക്കുന്നത് നീതിയിലൂടെയും ന്യായത്തിലൂടെയും മാത്രമാണ്. രാജ്യം ഏതെങ്കിലും പ്രത്യേക മതത്തിന്റെ വീക്ഷണത്തിലൂടെ സഞ്ചരിക്കണമോ സെക്യുലറിസത്തിലൂടെ യാത്ര ചെയ്യണമോ എന്ന് തീരുമാനിക്കേണ്ട ഈ സമയത്ത് രാജ്യസ്‌നേഹികളെല്ലാം ഐക്യപ്പെട്ട് മുന്നോട്ടുനീങ്ങേണ്ടതാണ്. നാം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടികളെ ഉന്നംവയ്ക്കുന്നില്ല, രാജ്യത്തിന്റെ സെക്യുലര്‍ മൂല്യങ്ങളെ ചവിട്ടിത്തേക്കുന്ന എല്ലാ പര്‍ട്ടികളെയും തള്ളിപ്പറയുന്നു- അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടാന്‍ വേണ്ടി അനാവശ്യവിഷയങ്ങള്‍ കുത്തിപ്പൊക്കുന്നവര്‍ യഥാര്‍ഥത്തില്‍ രാജ്യദ്രോഹികളാണ്. വിശിഷ്യാ മുസ്‌ലിം സമുദായത്തിനെതിരേ ഓരോ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി അന്തരീക്ഷം മലീമസമാക്കുന്നത് വളരെ വലിയ അക്രമമാണ്. ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിവാദം തീര്‍ത്തും അന്യായമാണ്.

ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശം രാജ്യത്തിന്റെ ഭരണഘടന വ്യക്തമായി നല്‍കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളുടെ ശരിയായ പരിഹാരം മുസ്‌ലിം സമുദായം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് നല്ല നിലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യലാണ്. ഇന്നത്തെ അവസ്ഥ വളരെ വേദനാജനകമാണെങ്കിലും നിരാശപ്പെടേണ്ട ഘട്ടമായിട്ടില്ലെന് അദ്ദേഹം ഉണര്‍ത്തി.

രാജ്യത്തെ വലിയൊരു വിഭാഗം നീതിയെ സ്‌നേഹിക്കുന്നവരാണ്. വര്‍ഗീയ വാദത്തിനും മതതീവ്രതയ്ക്കും ന്യൂനപക്ഷ വിവേചനത്തിനുമെതിരില്‍ ശബ്ദമുയര്‍ത്തുക മാത്രമല്ല, ധൈര്യസമേതം പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ന്യൂനപക്ഷങ്ങളോട് അനുവര്‍ത്തിച്ച അക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഓരോ ദിവസവും പുതിയ വിഷയങ്ങള്‍ കുത്തിപ്പൊക്കി മുസ്‌ലിംകളെ പ്രകോപിപ്പിക്കാനും പ്രാന്തവല്‍കരിക്കാനും നിഗൂഢശ്രമങ്ങള്‍ അരങ്ങേറുന്നു. എന്നാല്‍, ഇതിന് മുന്നില്‍ സഹനത മുറുകെ പ്പിടിച്ച് അടിയുറച്ചുനില്‍ക്കുന്ന സഹോദരങ്ങള്‍ വലിയ മാതൃകയാണ് രാജ്യത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. വര്‍ഗീയ വാദികള്‍ ഇനിയും വിവിധ പ്രശ്‌നങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: