'കേസുകള്‍ ഒരുമിച്ച് കേള്‍ക്കണം'; ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയുടെ ഹരജി സുപ്രിംകോടതി തള്ളി

Update: 2024-03-19 09:08 GMT

ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ ഒരുമിച്ച് കേള്‍ക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി സുപ്രിംകോടതി തള്ളി. അലഹബാദ് ഹൈകോടതി വിധിക്കെതിരേ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് തള്ളിയത്. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി നടപടി. മസ്ജിദുമായി ബന്ധപ്പെട്ട 15 കേസുകള്‍ ഒന്നിച്ച് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. 2020 സപ്തംബര്‍ 25നാണ് ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ ലഖ്‌നോ കേന്ദ്രമായ രഞ്ജന അഗ്‌നിഹോത്രിയും മറ്റു ആറു പേരും ചേര്‍ന്ന് മസ്ജിദ് ഭൂമിയില്‍ തര്‍ക്കമുന്നയിച്ച് ഹരജി നല്‍കിയത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനില്‍ക്കുന്നതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ വിരാജ്മാന്‍ പ്രതിമക്ക് തിരികെ നല്‍കണമെന്നുമാണ് ആവശ്യം. യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്.

Tags:    

Similar News