മഥുര ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഹരജിയില്‍ പള്ളിക്കമ്മിറ്റിയോട് പ്രതികരണം തേടി കോടതി

ക്ഷേത്ര പ്രതിഷ്ഠ താക്കൂര്‍ കേശവ് ദേവ് ജി മഹാരാജ് വിരാജ്മാനു വേണ്ടി പഴയ കേശവ് ദേവ് ക്ഷേത്രത്തിലെ പുരോഹിതന്‍ പവന്‍ കുമാര്‍ ശാസ്ത്രി സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചാണ് മഥുര അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ദേവ്കാന്ത് ശുക്ലയാണ് നോട്ടീസയച്ചത്.

Update: 2021-02-07 18:16 GMT

മഥുര: കത്ര കേശവ് ദേവ് ക്ഷേത്ര സമുച്ചയത്തിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു ഹിന്ദുത്വര്‍ അവകാശപ്പെടുന്ന 17ാം നൂറ്റാണ്ടിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ പ്രതികരണം തേടി പള്ളിക്കമ്മിറ്റിക്കും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ച് കോടതി. ക്ഷേത്ര പ്രതിഷ്ഠ താക്കൂര്‍ കേശവ് ദേവ് ജി മഹാരാജ് വിരാജ്മാനു വേണ്ടി പഴയ കേശവ് ദേവ് ക്ഷേത്രത്തിലെ പുരോഹിതന്‍ പവന്‍ കുമാര്‍ ശാസ്ത്രി സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചാണ് മഥുര അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ദേവ്കാന്ത് ശുക്ലയാണ് നോട്ടീസയച്ചത്. ഹരജി നിലനിര്‍ത്താവുന്നതാണെന്നും അതിനാല്‍ വിശദമായ വാദം കേള്‍ക്കേണ്ടതാണെന്നുമുള്ള ജില്ലാ ഗവണ്‍മെന്റ് കൗണ്‍സിലര്‍ (സിവില്‍) സഞ്ജയ് ഗൗറിന്റെ വാദം പരിഗണിച്ചാണ് പള്ളിക്കമ്മിറ്റിക്ക് പുറമെ സുന്നി വഖഫ് ബോര്‍ഡ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ സേവ സന്‍സ്ഥാന്‍ എന്നിവര്‍ക്ക് കോടതി പ്രതികരണം ആരാഞ്ഞ് നോട്ടീസ് അയച്ചത്. അടുത്ത വിചാരണ തീയതിയായ മാര്‍ച്ച് എട്ടിന് എല്ലാവരും നിലപാട് അറിയിക്കണം.

മൂന്ന് ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിട്ടുള്ളത്.പള്ളി ഉള്‍പ്പെടുന്ന 13.37 ഏക്കര്‍ ഭൂമിയുടെ അവകാശം, ക്ഷേത്രത്തിലെ പരമ്പരാഗത അവകാശമുള്ള പൂജാരി എന്ന നിലയില്‍ മൊത്തം ക്ഷേത്ര സമുച്ചയം കൈകാര്യം ചെയ്യാനുള്ള അവകാശം, ക്ഷേത്രവും പള്ളിയും അടുത്തടുത്ത് നിലനില്‍ക്കുന്നത് സംബന്ധിച്ച് ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവ സന്‍സ്ഥാനും പള്ളി കമ്മിറ്റിയും തമ്മിലുണ്ടാക്കിയ കരാറിന് അംഗീകാരം കൊടുത്ത 1967ലെ മഥുര കോടതി വിധി റദ്ദാക്കല്‍ എന്നീ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിട്ടുള്ളത്.

പള്ളി നിലവിലെ സ്ഥലത്ത് നീന്ന് പൊളിച്ചുമാറ്റാന്‍ പള്ളിക്കമ്മിറ്റിക്കും ലഖ്‌നൗവിലെ സുന്നി വഖ്ഫ് ബോര്‍ഡ് പ്രസിഡന്റിനും കോടതി നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളിയുടെ നിലനില്‍പുമായി ബന്ധപ്പെട്ട് മഥുര കോടതിയില്‍ മൂന്ന് ഹരജികള്‍ കൂടി പരിഗണനയിലുണ്ട്. ഇതില്‍ അഭിഭാഷകനായ മഹേന്ദ്ര പ്രതാപ് സിങ് അഞ്ചുപേര്‍ക്കുവേണ്ടി നല്‍കിയ കേസ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

Tags:    

Similar News