യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം പുരോഗമിക്കുന്നു

Update: 2023-10-18 05:25 GMT

തിരുവനന്തപുരം: റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുക, അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 'റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ' ഉപരോധത്തിന്റെ ഭാഗമായുള്ള സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുന്നുണ്ട്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കുള്ള വഴികളില്‍ പോലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലും ഗതാഗതത്തിനു നിയന്ത്രണമുണ്ട്. ഇന്നു രാവിലെ 6.30നാണ് സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. രാവിലെ ആറുമുതല്‍ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് കവാടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.

Tags: