കവടിയാര്‍ കൊട്ടാരത്തില്‍ അമൂല്യ രത്‌നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി; പരാതി നല്‍കിയത് മൂന്ന് മാസത്തിന് ശേഷം
തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം നടന്നതായി പരാതി. അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂര്‍ക്കട പോലിസ് കേസെടുത്തു. അമൂല്യ രത്‌നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബര്‍ മാസത്തില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുന്‍പു വരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയില്‍ പറയുന്നത്. കൊട്ടാരത്തിലുള്ളവര്‍ തന്നെ ഉപയോഗിക്കാന്‍ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തില്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ പരാതി സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.
മോഷണം പോയ വസ്തുക്കള്‍
- ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണ മുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ - 1/2 പവന്‍
- പിച്ചിപ്പു മൊട്ട് ഡിസൈനില്‍ ഉള്ള സ്വര്‍ണ്ണ പാദസരം - 3 പവന്‍
- കറുത്ത മുത്തും സ്വര്‍ണ്ണ മുത്തും ഇടകലര്‍ന്ന പാദസ്വരം - 2 പവന്‍
- വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകള്‍ - 4 പവന്‍,
- വീതി കുറഞ്ഞ 2 സ്വര്‍ണ പിരിവള - 3 പവന്‍,
- കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും,
- പച്ച ഇനാമല്‍ രണ്ടിലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണപ്പതക്കവും സ്വര്‍ണ്ണ പിരിച്ചെയിനും - 2.5 പവന്‍ ,
- സ്വര്‍ണ്ണ കുഴി മിന്നു മാല -5 പവന്‍,
- എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും,
- സ്വര്‍ണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവന്‍,
- റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കന്‍ വള - 6 പവന്‍,
- നേര്‍ത്ത ചെയിനില്‍ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണപതക്കവും ചെയിനും 1 പവന്‍,
- ഒരു പവന്‍ വീതം തൂക്കം വരുന്ന 5 കുതിരപ്പവന്‍ നാണയങ്ങള്‍.
എന്നിവ ഉള്‍പ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.
