മണിപ്പൂര്‍ കലാപം: 87 കുക്കികളെ കൂട്ടത്തോടെ സംസ്‌കരിച്ചു

സംസ്‌കരിച്ചത് എട്ടുമാസം മോര്‍ച്ചറിയില്‍വച്ച ശേഷം. ചുരാചന്ദ്പൂര്‍ നിവാസികളുടേതാണ് മൃതദേഹങ്ങള്‍.

Update: 2023-12-21 10:03 GMT
ചുരാചന്ദ്പൂര്‍: മെയ് മൂന്നുമുതല്‍ മണിപ്പൂരില്‍ നടന്ന കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നായ ചുരാചന്ദ്പൂരില്‍ കൊല്ലപ്പെട്ട 87 പേരെ കൂട്ടമായി സംസ്‌കരിച്ചു. ക്രിസ്ത്യന്‍ വിഭാഗമായ കുക്കി സോ സമുദായത്തില്‍പെട്ടവരുടെ മൃതദേഹങ്ങളാണ് എട്ട് മാസത്തോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ച ശേഷം ഒടുവില്‍ ഞായറാഴ്ച രാത്രി സംസ്‌കരിച്ചത്. കുക്കി-മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കെയാണ് കൂട്ടസംസ്‌കരണം. കര്‍ശന സുരക്ഷാ നടപടികള്‍ക്കിടയാണ് ചടങ്ങ് നടന്നത്. കലാപത്തിലെ കേന്ദ്രബിന്ദുവായ ചുരാചന്ദ്പൂരില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയില്‍ തന്നെയാണ്. മെയ്‌തേയ് സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ മാസങ്ങള്‍ക്ക് മുമ്പ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള കുക്കി വിഭാഗത്തിന്റെ ശ്രമങ്ങളും സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയിരുന്നു. സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കാന്‍ മാത്രമേ നീക്കം ഉപകരിക്കൂവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

   


കലാപം നടന്ന് മാസങ്ങള്‍ക്കു ശേഷവും സാമൂഹിക സംഘടനകളുടെ ഇടപെടലിലൂടെ നിരന്തര ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് സുപ്രിംകോടതി ഇടപെട്ട്, മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് മാന്യമായി തിരികെ കൊണ്ടുവരാന്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. തിങ്കളാഴ്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് തിങ്കാങ്പായി ഗ്രാമത്തില്‍ ഇടയ്ക്കിടെ അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമാണെന്നും സമാധാനം തകരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവില്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 18 വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നാണ് ഉത്തരവിലുള്ളത്. പട്ടികവര്‍ഗ (എസ്ടി) പദവി വേണമെന്ന ഹിന്ദു വിഭാഗമായ മെയ്‌ത്തെയ്കളുടെ ആവശ്യമാണ് വടക്കുകിഴക്കന്‍ സംസ്ഥാനത്ത് മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള കലാപത്തിലേക്കെത്തിയത്. നൂറുകളണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളാവുകയും ചെയ്തിരുന്നു.

Tags:    

Similar News