ചൈന എതിര്‍പ്പ് പിന്‍വലിച്ചു; മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്.

Update: 2019-05-01 14:36 GMT

ന്യൂഡല്‍ഹി: ജെയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യം സാധ്യമായത്.

മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ശെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. എന്നാല്‍, രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെ ചൈന നിലപാട് മയപ്പെടുത്തുകയായിരുന്നു. ബലം പ്രയോഗിച്ച് പ്രമേയം കൊണ്ടു വരാനുള്ള അമേരിക്കന്‍ ശ്രമം യുഎന്‍ ഭീകരവാദ വിരുദ്ദ സമിതിയുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ചൈനയുടെ നിലപാട്.

യുഎന്‍ തീരുമാനം വന്നതോടെ മസ്ഊദ് അസ്ഹറിന്റെ ആഗോള തലത്തിലുള്ള പണവും സ്വത്തുവകകളും മരവിപ്പിക്കാനും യാത്രാ വിലക്കും ആയുധ ഉപരോധവും ഏര്‍പ്പെടുത്താനും സാധിക്കും. 

Tags:    

Similar News