കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികള്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാവണം: പോപുലര്‍ ഫ്രണ്ട്
മലപ്പുറം കലക്ടറുടെ ഉത്തരവ് പിന്‍വലിക്കണം
കോഴിക്കോട്: ആരാധനാലയങ്ങില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പിപി റഫീഖ് ആവശ്യപ്പെട്ടു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ മുഴുവന്‍ ആരാധനാകര്‍മങ്ങളും നിര്‍വഹിക്കാന്‍ അവസരമുണ്ടാവണം. കൊവിഡ് റിപോര്‍ട്ട് ചെയ്തകാലം മുതല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുതന്നെയാണ് സംസ്ഥാനത്തെ പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് പള്ളികള്‍ പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ഇല്ലാത്ത സാഹചര്യത്തിലും ആരാധനക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് പൂര്‍ണമായും അംഗീകരിക്കാനാവില്ല. കൊവിഡ് വ്യാപനം രൂക്ഷമായ മറ്റ് ജില്ലകളില്‍ ഇല്ലാത്ത വിലക്ക് മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ മാത്രം നടപ്പാക്കുന്നത് ദുരുദ്ദേശപരമാണ്. ഉദ്യോഗസ്ഥതലത്തില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ പൊതുഗതാഗതം നിരോധിച്ചിട്ടില്ല. ബസ്സുകളില്‍ യാതൊരു നിബന്ധനകളും പാലിക്കാതെ അടുത്ത സീറ്റുകളില്‍ ഇരുന്നും നിന്നുമൊക്കെ ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. തിരക്കേറെയുള്ള ടൗണുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഇല്ലാത്ത നിയന്ത്രണമാണ് പള്ളികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സിനിമാ തീയേറ്ററുകള്‍ പോലും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ രോഗവ്യാപനത്തിന് സാധ്യതയേറെയുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കെ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനകള്‍ നടത്തുന്ന പള്ളികള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം ദുരുദ്ദേശപരമാണ്. മുഴുവന്‍ മതസംഘടനകളുമായി മതിയായ കൂടിയാലോചന നടത്താതെയുള്ള ഏകപക്ഷീയമായ തീരുമാനമാണ് ജില്ലാകലക്ടര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അത് പിന്‍വലിക്കണമെന്നും പിപി റഫീഖ് ആവശ്യപ്പെട്ടു.
